സ്കൂളുകളെല്ലാം വേനലവധിക്ക് പിരിഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങളിൽ ഏറിയ പങ്കും നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണിപ്പോൾ. എന്നാൽ, ചുട്ടുപൊള്ളുന്ന ഈ ചൂടുകാലത്ത് നാട്ടിലേക്ക് പോകതെ ഖത്തറിൽ കഴിയുന്ന ഒരുപിടി പ്രവാസികളുമുണ്ട്. പകലും രാത്രിയിലും ആകാശവും മണ്ണും പഴുക്കുന്ന ഈ ചൂടിൽ കുട്ടികൾക്ക് കളിക്കോപ്പുകളുടെ അത്ഭുതലോകമൊരുക്കി ഒരു കളിപ്പാട്ടമേളക്ക് ദോഹയിൽ കൊടിയേറിയിരിക്കുന്നു.
ഖത്തറിലെ വമ്പൻ പ്രദർശനങ്ങൾകൊണ്ട് എന്നും ശ്രദ്ധേയമാവുന്ന ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഇത്തവണ വേറിട്ടതാവുന്നത് കുട്ടികൾക്കുള്ള കളിലോകം എന്ന നിലയിലാണ്.
പ്രഥമ ഖത്തർ ടോയ് ഫെസ്റ്റിവൽ കുരുന്നുകുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റിയാണ് ഖത്തർ ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. അവരുടെ കൂട്ടുകാരെല്ലാം ഇവിടെയുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളായും കളിപ്പാട്ടങ്ങളായും ഒപ്പം കൂടിയവരെ, എല്ലാം ഒരു കുടക്കീഴിലാക്കി അത്ഭുത ലോകമാണ് ഈ ടോയ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.
ജൂലൈ 13ന് തുടങ്ങിയ ഫെസ്റ്റ് ആഗസ്റ്റ് അഞ്ചു വരെ നീണ്ടുനിൽക്കുമ്പോൾ, ഈ 25ദിവസം ഖത്തറിലെ കുരുന്നുകൾക്ക് ഉത്സവകാലമാണ്. വെന്തുരുകുന്ന ചൂടിൽ പാർക്കുകളിലെയും കടൽത്തീരങ്ങളിലെയും മരുഭൂമിയിലേയും വിനോദ പരിപാടികൾ അസഹനീയമായി മാറുമ്പോൾ, ഡി.ഇ.സി.സിയിലെ തണുപ്പിനുള്ളിൽ ബാര്ബീയും, ഡിസ്നി പ്രിന്സസും, ബ്ലിപ്പി ഹോട്വീല്സും മുതൽ, മോണോപൊളി, കോകോമെലൺ, സ്മേർഫ്, മാർവെൽ ഉൾപ്പെടെ കൂട്ടുകാരെല്ലാം പലവേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
25ഓളം പ്രമുഖ അന്താരാഷ്ട്ര ടോയ്സ് ബ്രാൻഡുകളെല്ലാം ഒരു കുടക്കീഴിലാക്കിയാണ് ഈ അപൂർവ പ്രദർശനം സംഘടിപ്പിച്ചത്. മിനിസ്ക്രീനിൽ കഥപറഞ്ഞും ചിരിപ്പിച്ചും കുട്ടികളുടെ കൂട്ടുകാരായി മാറിയ പലകഥാപാത്രങ്ങളും മറ്റും ജീവനോടെ നടന്നുവന്നുകൊണ്ടാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. പ്രദർശന വേദിയിലെ വിശാലമായ മുറ്റത്തേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ, അവർക്ക് ആസ്വദിക്കാൻ മാത്രം അത്ഭുത ലോകവുമുണ്ട്.
റോസിങ്ങും, ഷൂട്ടിങ്ങും, ചിത്രം വരയും, പെയിന്റിങ്ങും സൈക്ലിങ്ങും മുതൽ പ്രിൻസസ് ആയി മാറാനും, മണ്ണപ്പം ചുട്ടുകളിക്കാനുമെല്ലാം അവസരമൊരുക്കുന്ന ഉത്സവമേളം. ഇതിനു പുറമെ, വിവിധ വിനോദ പരിപാടികൾ, മത്സരങ്ങൾ, അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ കലാകാരന്മാരും സാന്നിധ്യം എല്ലാം അടങ്ങുന്ന വേദികൂടിയാണ് ടോയ് ഫെസ്റ്റ്.
കുട്ടികൾക്കു പുറമെ, അവരുടെ ലോകത്തെ കുറിച്ച് രക്ഷിതാക്കൾക്ക് അറിവുനൽകാനും പഴയ കുട്ടിക്കാലത്തേക്ക് തിരികെയെത്താനും ടോയ് ഫെസ്റ്റ് വേദിയൊരുക്കുന്നതായി രക്ഷിതാക്കളും സമ്മതിക്കുന്നു. ഫുഡ് ഔട്ട്ലറ്റുകൾ, ടോയ് ഷോപ്പുകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Timing
Sunday – Wednesday 2 pm – 10 pm
Thursday – Saturday 2 pm – 11 pm
Ticket
പ്രവേശന ടിക്കറ്റ് -50 റിയാൽ (എല്ലാ ആക്ടിവിറ്റികളിലേക്കും പ്രവേശനം)
ഗോൾഡ് ടിക്കറ്റ് -100 റിയാൽ (ഫാസ്റ്റ്ട്രാക്കിലൂടെ എല്ലാ ആക്ടിവിറ്റികളിലേക്കും പ്രവേശനം)
ഗോൾഡ് പ്ലസ് ടിക്കറ്റ്: 400 റിയാൽ (5 പേർക്ക് ഫാസ്റ്റ് ട്രാക്ക് പ്രവേശനം)
വി.വി.ഐ.പി ടിക്കറ്റ്- 1500 റിയാൽ (നാല് പേർക്ക് ഫാസ്റ്റ് ട്രാക്ക്+വി.ഐ.പി ലോഞ്ച്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.