തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ

ഖത്തറിലെ തുർക്കി സൈനികസാന്നിധ്യം മേഖലയിലെ സ്​ഥിരതക്ക് –ഉർദുഗാൻ

ദോഹ: ഖത്തറിലെ തുർക്കി സൈന്യത്തിെൻറ സാന്നിധ്യം ഗൾഫ് മേഖലയുടെ സ്​ഥിരതയിൽ മുഖ്യ പങ്ക് വഹിക്കുന്നതായി തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ. വിൻ–വിൻ അടിസ്​ഥാനത്തിലുള്ള സഹകരണത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി, തന്ത്രപ്രധാന സഹകരണമെന്നും ഉർദുഗാൻ വ്യക്തമാക്കി. 'ദി പെനിൻസുല' എഡിറ്റർ ഇൻ ചീഫ് ഡോ. ഖാലിദ് മുബാറക് അൽ ഷാഫിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തുർക്കി പ്രസിഡൻറ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അദ്ദേഹം​ ഖത്തർ സന്ദർശിച്ചിരുന്നു.

ഖത്തറിെൻറയും തുർക്കിയുടെയും ആഭിമുഖ്യത്തിലുള്ള സംയുക്തസേനാ കമാൻഡ് ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിെൻറയും സാഹോദര്യത്തിെൻറയും നിഷ്കളങ്കതയുടെയും അടയാളമാണ്​. ഖത്തറിലെ തുർക്കി സൈനിക താവളത്തിനെതിരെ നടക്കുന്ന എല്ലാ വ്യാജ പ്രചരണങ്ങളെയും തള്ളിക്കളയണം. അടിസ്​ഥാന രഹിതമായ ആരോപണങ്ങളാണവയെന്നും ഉർദുഗാൻ പറഞ്ഞു. യഥാർഥത്തിൽ ഖത്തറിലെ തുർക്കി സൈന്യത്തിെൻറ സാന്നിധ്യം ഖത്തറിന് മാത്രമല്ല, ഗൾഫ് മേഖലയുടെ തന്നെ സ്​ഥിരതയിലും സമാധാനത്തിലും പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രപരമായും സാംസ്​കാരികമായും മാനവികമായും ഖത്തറും തുർക്കിയും തമ്മിൽ ആഴമേറിയ ബന്ധമാണുള്ളത്. സാമ്പത്തിക- വ്യവസായ-പ്രതിരോധ- സുരക്ഷാ -നിക്ഷേപ- ഊർജ മേഖലകളടക്കമുള്ള വിവിധമേഖലകളിൽ ഈ ബന്ധം വിശാലമായിരിക്കുകയാണ്. 2014ന് ശേഷം മാത്രം ഖത്തറും തുർക്കിയും തമ്മിൽ 50ലധികം കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിെൻറ സുഗമമായ നടത്തിപ്പിന് അടിസ്​ഥാന സൗകര്യങ്ങൾ മാത്രം മതിയാവുകയില്ല. സുരക്ഷ മുതൽ സംഘാടനം വരെയുള്ള മേഖലകളിൽ നിക്ഷേപം ആവശ്യമായിട്ടുണ്ട്. ഖത്തർ ലോകകപ്പ് വൻ വിജയകരമാക്കാൻ ഞങ്ങളുടെ സഹോദരങ്ങൾക്ക് കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. സുരക്ഷാ, അടിസ്​ഥാന സൗകര്യ മേഖലകളിൽ ഖത്തർ സർക്കാറുമായി ചേർന്ന് കായിക മാമാങ്കത്തിെൻറ വിജയത്തിനായി കഠിന പ്രയത്നം ചെയ്യും.

തുർക്കിയുടെ മുഴുവൻ പിന്തുണയും ഇക്കാര്യത്തിൽ ഖത്തറിനുണ്ടാകും.ഖത്തറിെൻറയും തുർക്കിയുടെയും ബന്ധത്തിെൻറ നട്ടെല്ലാണ് സൈനിക, പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം. ജൂലൈ 15ന്​ തുർക്കി സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുടർന്ന് ഖത്തർ ജനതയും ഖത്തറും നൽകിയ പിന്തുണയും ആത്മവിശ്വാസവും മറക്കാൻ തുർക്കിക്കോ തുർക്കി ജനതക്കോ സാധ്യമല്ല. ഖത്തറിനെതിരായ അന്യായ ഉപരോധത്തെ കീഴ്പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും തുർക്കി നടത്തുന്നുണ്ട്. അത് തുടരുകയും ചെയ്യുന്നു. മൂന്ന് വർഷം പിന്നിട്ട ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഉപരോധത്തിൽ നിന്നും മുക്തമായി ഖത്തർ ശക്തമായ തിരിച്ചുവരവ് നടത്തുന്നത് കാണാൻ ആഗ്രഹിക്കുകയാണ്.

എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം കാത്ത് സൂക്ഷിക്കാനാണ് തുർക്കി ശ്രമിക്കുന്നത്. ആ അടിസ്​ഥാനത്തിൽ നിലവിലെ പ്രതിസന്ധികൾക്കിടയിലും സൗദി അറേബ്യയുമായി പ്രത്യേകിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവുമായി തുർക്കിക്ക് പ്രത്യേക ബന്ധമുണ്ട്.

എന്നാൽ ഗൾഫ് മേഖലയിലും ലിബിയ, സിറിയ, ഫലസ്​തീൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അയൽരാജ്യത്തിൻെറ നിലപാടുകൾ ദൗർഭാഗ്യകരവും നീതീകരിക്കാൻ സാധിക്കാത്തതുമാണ്.മേഖലയിൽ മുസ്​ലിംകളുടെ ചോര ചിന്തുന്നതിനോട് പിന്തുണ നൽകുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. തുർക്കിക്കെതിരായ നീക്കങ്ങളും മേഖലയിൽ അരക്ഷിതാവസ്​ഥ വർധിപ്പിക്കാനുള്ള ശ്രമങ്ങളെയും ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത് മേഖലയിൽ സമാധാനം തകർക്കുന്നതിന് കാരണമാകും.

ഫലസ്​തീൻ ജനതക്കെതിരായ ഒരു കരാറിനെയും തുർക്കി അംഗീകരിക്കില്ല. ഡീൽ ഓഫ് ദി സെഞ്ചുറിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച ഒരു രാജ്യമാണ് തുർക്കി.ഫലസ്​തീനികളുടെ അവകാശത്തെ വകവെക്കാത്ത, 1967ലെ അതിർത്തി പ്രകാരമുള്ള ദ്വിരാഷ്ട്ര പരിഹാര സിദ്ധാന്തത്തെ തള്ളിക്കളയുന്ന, അധിനിവേശത്തെയും അനധികൃത കുടിയേറ്റത്തെയും നിയമവിധേയമാക്കുന്ന ഈ കരാർ ഒരിക്കലും വിജയം കാണുകയില്ല.എട്ട് വർഷമായി സിറിയയിൽ തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ നിന്നും തുർക്കിക്ക് മുഖം തിരിക്കാൻ കഴിയില്ല. ഇതിനകം ഒരു ദശലക്ഷത്തോളം ജനങ്ങളുടെ ജീവനാണ് കുരുതി കൊടുക്കേണ്ടി വന്നിരിക്കുന്നത്​. 12 ദശലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തതായും തുർക്കി ​​പ്രസിഡൻറ്​ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.