ദോഹ: പുതുപുത്തൻ കാറുകളുടെയും അത്യാഡംബര വാഹനങ്ങളുടെയും അതുല്യമായ ശേഖരവുമായി ജനീവ ഇന്റർനാഷനൽ മോട്ടോർഷോ ഖത്തർ പതിപ്പിന് തുടക്കമായി.
ഇനിയുള്ള പത്തു നാളുകൾ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലും ഖത്തറിന്റെ ഇതര ഭാഗങ്ങളിലുമെല്ലാം കാറുകളുടെ അത്ഭുതലോകം തുറക്കുന്നു.
സീലൈനിൽ ഓഫ് റോഡ് വാഹനങ്ങളുമായി അഡ്വഞ്ചർ ഹബും, നാഷനൽ മ്യൂസിയം വേദിയാവുന്ന ഫ്യൂച്ചർ ഡിസൈൻ ഫോറവും, ലുസൈൽ ബൊളെവാഡിലെ പരേഡ് ഓഫ് എക്സലൻസും വരുംദിനങ്ങളിൽ കാത്തിരിക്കുന്നത് പുതുപുത്തൻ നിരയിലെ വാഹനങ്ങളും വിശേഷങ്ങളും. പത്തു ദിവസത്തെ ഷോ ഡി.ഇ.സി.സിയിൽ പ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മാധ്യമങ്ങൾക്കുള്ള പ്രത്യേക പ്രദർശന ദിനമായിരുന്നു. ലോകോത്തര വാഹന നിർമാതാക്കൾ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ വാഹനങ്ങൾ മാധ്യമപ്രവർത്തകർക്കു മുമ്പാകെ അവതരിപ്പിച്ചും, ലോഞ്ചിങ് നിർവഹിച്ചും ജിംസ് ഖത്തറിന് തുടക്കം കുറിച്ചു. പൊതുജനങ്ങൾക്ക് ശനിയാഴ്ച മുതലാണ് ജിംസിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
വ്യാഴാഴ്ച രാത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ, ഖത്തർ ടൂറിസം ഡെപ്യൂട്ടി ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, മന്ത്രിമാർ, വിവിധ വാഹന നിർമാണ കമ്പനികളുടെ മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ലോകത്തെ ഏറ്റവും വലിയ വാഹന പ്രദർശനമായ ജനീവ മോട്ടോർ ഷോയെ ഖത്തറിലെത്തിച്ചുകൊണ്ട് മേഖലയിലെ തന്നെ ആദ്യ പ്രദർശനത്തിനാണ് രാജ്യം വേദിയൊരുക്കുന്നതെന്ന് അക്ബർ അൽ ബാകിർ പറഞ്ഞു. ജിംസ് ഖത്തറിന് രണ്ടു വർഷത്തിൽ ഒരിക്കൽ എന്ന നിലയിൽ തുടർന്നും രാജ്യം വേദിയാകുമെന്ന് വെള്ളിയാഴ്ച ‘മീഡിയ ഡേ’യിൽ പങ്കെടുത്തുകൊണ്ട് അക്ബർ അൽ ബാകിർ പറഞ്ഞു.
അതിവേഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറക്കൊപ്പം മാറുന്ന വാഹന മേഖലയെ മേഖലക്ക് പരിചയപ്പെടുത്തുകയാണ് ജിംസ് ഖത്തർ എന്ന് അദ്ദേഹം വ്യക്തമാക്കി.
31 അന്താരാഷ്ട്ര വാഹന നിർമാതാക്കളാണ് ജിംസിൽ പങ്കെടുക്കുന്നത്. പത്തിലധികം ലോക പ്രീമിയർ മോഡലുകളും 20ലധികം റീജനൽ മോഡലുകളും പ്രദർശനത്തിന്റെ ഭാഗമായി പുറത്തിറക്കും.
പുരാതന വാഹനങ്ങളുടെ അതുല്യ ശേഖരം കാഴ്ചക്കാർക്ക് സമ്മാനിക്കുന്ന ക്ലാസിക് ഗാലറിയും ഡി.ഇ.സി.സിയിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.