ദോഹ: സിറിയയിലെ ഭൂകമ്പബാധിതർക്ക് സഹായമെത്തിക്കുന്നതിലെ കാലതാമസം ആശ്ചര്യപ്പെടുത്തുന്നുവെന്നും ആഭ്യന്തര യുദ്ധത്താൽ തകർന്ന രാജ്യത്ത് മാനുഷികസഹായം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തെറ്റാണെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
സിറിയയെ മടികൂടാതെ സഹായിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അമീർ ശൈഖ് തമീം, ഭൂകമ്പമേൽപിച്ച ദുരിതത്തിൽനിന്നും കരകയറാനുള്ള തുർക്കിയയുടെ ശ്രമങ്ങളെ പിന്തുണക്കുന്നതായും അറിയിച്ചു. ദോഹയിൽ നടക്കുന്ന അവികസിത രാജ്യങ്ങളുടെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ നമ്മുടെ സഹോദരന്മാർ കടുത്ത ദുരിതത്തിൽ കഴിയുമ്പോഴാണ് നമ്മുടെ ഈ യോഗം നടക്കുന്നതെന്നും ദശലക്ഷക്കണക്കിനാളുകളെയാണ് ഭൂകമ്പം ബാധിച്ചതെന്നും അമീർ ചൂണ്ടിക്കാട്ടി. സഹോദരരായ സിറിയൻ ജനതക്ക് ഒരു മടിയും കൂടാതെ സഹായം നൽകേണ്ടതിന്റെ ആവശ്യകത വീണ്ടും ഊന്നിപ്പറയുകയാണെന്നും മനുഷ്യദുരന്തത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അമീർ പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക ഐക്യദാർഢ്യത്തിന്റെ പാതയിലൂടെയല്ലാതെ ഇന്നും നാളെയും പുതിയതും സുരക്ഷിതവും നീതിയുക്തവും കൂടുതൽ സ്വതന്ത്രവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സാധിക്കില്ലെന്നും അമീർ ഓർമിപ്പിച്ചു.
ലോകത്തെ നടുക്കിയ ഭൂകമ്പത്തിൽ തുർക്കിയയിൽ 45,000ത്തിലധികം ആളുകളും സിറിയയിൽ 6000ത്തിലധികം ആളുകളുമാണ് കൊല്ലപ്പെട്ടത്. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്താണ് ഭൂകമ്പം ഏറ്റവും നാശം വിതച്ചത്. വർഷങ്ങളായുള്ള ആഭ്യന്തരയുദ്ധത്താൽ ഇതിനകം തകർന്ന സിറിയയിലെ എല്ലാ കക്ഷികൾക്കും സഹായവിതരണം വർധിപ്പിക്കുന്നതിന് പ്രവേശനം അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.
സിറിയയിൽ സഹായവിതരണത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഡമസ്കസ് സർക്കാറിന്റെ നിയന്ത്രണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകൾ പരാതി ഉന്നയിച്ചിട്ടുണ്ട്. സിറിയയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽനിന്നുള്ള സഹായവിതരണം വിമതർ തടഞ്ഞത് സഹായശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുവെന്ന് സഹായ ഏജൻസികളും പറയുന്നു.
ഉദ്ഘാടന ചടങ്ങിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, സുഡാൻ ട്രാൻസിഷനൽ സോവറേനിറ്റി പ്രസിഡന്റ് ലെഫ്.ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ, സോമാലിയൻ പ്രസിഡന്റ് ഹസൻ ശൈഖ് മഹ്മൂദ്, മോറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഔൽദ് ചെയ്ഖ് ഗസൗനി, ജിബൂതി പ്രസിഡന്റ് ഇസ്മായിൽ ഉമർ ഗുവേലെ, നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ്, ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ മൻഫി, സെയ്ഷൽ വാവെൽ രാംകലവാൻ, പോളണ്ട് പ്രസിഡന്റ് ആന്ദ്രേ ഡുഡ, സ്ലൊവീനിയൻ പ്രസിഡന്റ് നടാഷ പ്രിക് മുസാർ, സാംബിയൻ പ്രസിഡന്റ് ഹകായിൻഡെ ഹിഷിലെമ, സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച് തുടങ്ങി നിരവധി രാഷ്ട്രത്തലവന്മാർ പങ്കെടുത്തു.
ഫുജൈറ ഭരണാധികാരിയും യു.എ.ഇ പ്രസിഡന്റ് പ്രതിനിധിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്മദ് അലി, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ് എന്നിവരും ഉദ്ഘാടന ചടങ്ങിനെത്തി.
വിവിധ രാജ്യങ്ങളുടെ നയതന്ത്ര മിഷൻ തലവന്മാർ, മന്ത്രിമാർ, വ്യാപാര മേഖലയിൽനിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, നയരൂപവത്കരണ വിദഗ്ധർ, അന്താരാഷ്ട്ര, മേഖല സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. അഞ്ചാമത് യു.എൻ ലീസ്റ്റ് ഡെവലപ്ഡ് കൺട്രീസ് കോൺഫറൻസ് പ്രസിഡന്റായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.