ദോഹ: ഗസ്സയിലെ ഇസ്രായേൽ വംശക്കുരുതിയെ ഐക്യരാഷ്ട്രസഭ പൊതുസഭയിൽ രൂക്ഷമായി വിമർശിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. അന്താരാഷ്ട്ര സമ്മർദങ്ങളെയും ആവശ്യങ്ങളെയുമെല്ലാം തള്ളിക്കൊണ്ട് ഒരു വർഷമായി തുടരുന്ന ഇസ്രായേലിന്റെ ആക്രമണങ്ങൾ കുറ്റകരമായ വംശഹത്യയാണെന്ന് അമീർ തുറന്നടിച്ചു.
20 മിനിറ്റിലേറെ നീണ്ടുനിന്ന പ്രസംഗത്തിലുടനീളം ഗസ്സയിലും ഫലസ്തീനിലെ മറ്റു പ്രദേശങ്ങളും ലബനാൻ ഉൾപ്പെടെ അയൽ പ്രദേശങ്ങളിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു അമീർ ലോക ശ്രദ്ധ ക്ഷണിച്ചത്. ‘ഗസ്സയിൽ ഫലസ്തീൻ ജനതക്കുനേരെ നടക്കുന്ന ആക്രമണം ഏറ്റവും നിഷ്ഠൂരവും ഹീനവും മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര ചാർട്ടറുകളും മാനദണ്ഡങ്ങളും ലംഘിക്കുന്നതുമാണ്.
യുദ്ധം എന്നതിനപ്പുറം, എല്ലാ അത്യാധുനിക ആയുധങ്ങളും ഉപയോഗപ്പെടുത്തി നടത്തുന്ന വംശീയ ഉന്മൂലനമാണ് അരങ്ങേറുന്നത്. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുക മാത്രമല്ല, ഭക്ഷണവും മരുന്നും വെള്ളവും വരെ അധിനിവേശസേന ആക്രമണ ആയുധമാക്കി മാറ്റുന്നു’ -അമീർ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച യുദ്ധം ഒരു വർഷത്തിലേക്ക് നീളുമ്പോൾ ഇസ്രായേലിന്റെ ആക്രമണം തടയുന്നതിൽ അന്താരാഷ്ട്ര സമൂഹവും അന്താരാഷ്ട്ര ഏജൻസികളും വീണ്ടും പരാജയപ്പെട്ടതായും അമീർ വ്യക്തമാക്കി. സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തി യുദ്ധം അവസാനിപ്പിക്കുകയാണ് ഏക പരിഹാരമെന്നും പറഞ്ഞു. ‘ഫലസ്തീനിലെ അധിനിവേശം 21ാം നൂറ്റാണ്ടിൽ വർണവിവേചന വ്യവസ്ഥയായി രൂപമെടുത്തിട്ടുണ്ട്. ഇത് അവഗണിക്കാനാകുമോ?വെടിനിർത്തൽ സാധ്യമാക്കുന്നതിൽ സുരക്ഷാ കൗൺസിൽ പരാജയമായിരിക്കുന്നു.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം പറഞ്ഞുകൊണ്ട് കുറ്റകൃത്യങ്ങളെ ഇനിയും ന്യായീകരിക്കാൻ ശ്രമിക്കരുത്. സാധ്യമായ എല്ലാ വഴികളിലൂടെയും അധിനിവേശ സേനയുടെ വംശഹത്യാ നടപടി തുടരുകയാണ്.
എല്ലാ വർഷങ്ങളിലും യു.എൻ വേദിയിൽ ഫലസ്തീനിലെ മനുഷ്യാവകാശ, നീതിനിഷേധത്തിനെതിരെ സംസാരിക്കുന്നു. എന്നാൽ, എക്കാലവും ഫലസ്തീനിയൻ പ്രശ്നം ശക്തമായിതന്നെ തുടരുന്ന സാഹചര്യമാണുള്ളത്. ഏറ്റവും വലിയ മാനുഷിക ദുരന്തത്തിനാണ് ഫലസ്തീനും ഗസ്സയും സാക്ഷിയാവുന്നത് -അദ്ദേഹം പറഞ്ഞു. ഈജിപ്ത്, അമേരിക്ക എന്നീ പങ്കാളികളുമായി ചേർന്ന് ഖത്തർ നടത്തുന്ന മധ്യസ്ഥ ദൗത്യം തുടരുകയും വെടിനിർത്തൽ സാധ്യമാക്കാൻ ശ്രമിക്കുകയും ചെയ്യും.
സ്വതന്ത്ര ഫലസ്തീൻ രാജ്യം യാഥാർഥ്യമാക്കുക മാത്രമാണ് പ്രശ്നപരിഹാരത്തിന് മാർഗമെന്ന് ഖത്തർ വിശ്വസിക്കുന്നു. ഇസ്രായേൽ യുദ്ധം ലബനാനിലേക്കും വ്യാപിപ്പിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയാൻ ലോകരാജ്യങ്ങളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ് -അമീർ വ്യക്തമാക്കി. യെമൻ, സിറിയ, സുഡാൻ, റഷ്യ-യുക്രെയ്ൻ സംഘർഷം ഉൾപ്പെടെ വിഷയങ്ങളിലേക്കും അമീർ ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.