ദോഹയില്‍നിന്നും 75 കിലോമീറ്റര്‍ വടക്കാണ് 360 ഏക്കര്‍ വിസ്തൃതിയിലുള്ള ഇവരുടെ ജെറി സ്മി ഫാം സ്ഥിതി ചെയ്യുന്നത്
ദോഹ: വിദ്യാഭ്യാസം മാത്രമല്ല, കൃഷിയുടെ നന്മയും കർമംകൊണ്ട് മറ്റുള്ളവരിലേക്ക് പകർന്നുനൽകുകയാണ് ഖത്തർ യൂനിവേഴ്സിറ്റിയുടെ മുൻപ്രസിഡൻറായ പ്രഫ. ശൈഖ അബ്ദുല്ല അല്‍ മിസ്നദ്. കൃഷികാര്യത്തിൽ മറ്റുള്ളവര്‍ക്ക് ഏറെ പ്രചോദനമാണിവർ. ദോഹയില്‍നിന്നും 75 കിലോമീറ്റര്‍ വടക്കാണ് 360 ഏക്കര്‍ വിസ്തൃതിയിലുള്ള ഇവരുടെ ജെറി സ്മി ഫാം സ്ഥിതി ചെയ്യുന്നത്. ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ അഞ്ചാമത്തെ പ്രസിഡൻറും ഏക വനിതാ പ്രസിഡൻറുമാണ് പ്രഫ. ശൈഖ അബ്ദുല്ല അല്‍ മിസ്നദ്. വിവിധ കൃഷികളുള്ള ഫാമിെൻറ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇവർ ഇപ്പോൾ. ഖത്തറിെൻറ വളര്‍ച്ചക്ക് സംഭാവന നൽകാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കൃഷിരംഗമെന്നാണ് ഇവര്‍ പറയുന്നത്.
പലകാർഷികമേഖലകളിലും ഖത്തർ സ്വയംപര്യാപ്തമാകുകയാണ്. എല്ലാവരും തങ്ങൾക്ക് കഴിയുന്ന തരത്തിൽ കൃഷിക്കായി മുന്നിട്ടിറങ്ങണമെന്നും ഇതു രാജ്യത്തിന് നൽകാവുന്ന ഏറ്റവും വലിയ സഹായമാണെന്നും പ്രഫ. അല്‍ മിസ്നദ് പറയുന്നു. ഫാം സന്ദര്‍ശിക്കുന്നതും അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതും ഏറെ ആസ്വദിക്കുന്നു.
രാജ്യത്തെ ഏറ്റവും പഴക്കംചെന്ന കുടുംബ ഫാമുകളിലൊന്നാണ് ജെറി സ്മി. 1950കളിലാണ് ഫാം സ്ഥാപിച്ചത്. അടുത്ത കാലത്തായി ഫാം വാണിജ്യ കൃഷി സ്ഥലമായി മാറ്റുന്നതിന് കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ട്. പ്രാദേശിക കമ്പോളത്തില്‍ മികച്ച ഗുണനിലവാരമുള്ള പച്ചക്കറികള്‍, കോഴി, മറ്റ് ഉൽപന്നങ്ങള് എന്നിവ ഫാമിലൂടെ വിതരണം ചെയ്യുന്നു.
വിവിധതരം പുതിയ പഴങ്ങളും പച്ചക്കറികളും കോഴി, കന്നുകാലികള്‍ എന്നിവയും ഫാമിൽ കൃഷി ചെയ്യുന്നുണ്ട്. പരമ്പരാഗത കാര്‍ഷിക, മൃഗ ഉൽപന്നങ്ങളായ ഫ്രീ റേഞ്ച് ചിക്കന്‍, സിദര്‍ തേന്‍ എന്നിവയുമുണ്ട്. ഫ്രഞ്ച് താറാവുകളും ഇവിടെ ലഭ്യമാണ്. തിലാപ്പിയ കൃഷിക്ക് നിലവില്‍ നിരവധി ഹാച്ചറികള്‍ ഉപയോഗിച്ചുകൊണ്ട് മത്സ്യകൃഷിയും ആരംഭിച്ചു. അയ്യായിരത്തിലധികം കോഴികളുള്ള ഫാമിൽനിന്നും പ്രതിദിനം 1200 മുട്ടയാണ് ലഭിക്കുന്നത്. ഇറച്ചിക്കായി മാത്രം 7000 താറാവുകള്‍ ഉണ്ട്. മുട്ടയുടെ ആവശ്യത്തിന് പ്രത്യേക താറാവുകളുമുണ്ട്. ഓരോ സീസണിലും 200 ടണ്‍ തക്കാളി, 125 ടണ്‍ വഴുതന, 40 ടണ്‍ മുളക്, കാപ്സിക്കം എന്നിവ പ്രാദേശിക വിപണിയില്‍ വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.