ദോഹ: ഖത്തറിലുള്ള ഇന്ത്യക്കാരായ പ്രവാസികൾക്ക് നാട്ടിലേക്കിനി യു.പി.ഐ സൗകര്യം ഉപയോഗിച്ച് പണമയക്കാം. കമേഴ്സ്യൽ ബാങ്കാണ് ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഡിജിറ്റൽ സംവിധാനമായ യു.പി.ഐ (യുനിഫൈഡ് പെമെന്റ്സ് ഇന്റർഫേസ്) ഖത്തറിൽ ആദ്യമായി അവതരിപ്പിച്ചത്. 10 രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് ഇന്റർനാഷനൽ ഫോൺ നമ്പർ ഉപയോഗിച്ച് യു.പി.ഐ പേമെന്റ് സൗകര്യം ആരംഭിക്കാനുള്ള നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) തീരുമാനത്തിനു പിന്നാലെയാണ് ഖത്തറിൽനിന്നുള്ള ആദ്യ ബാങ്കായി കമേഴ്സ്യൽ ബാങ്ക് യു.പി.ഐ ഇടപാടുകൾ ആരംഭിച്ചത്.
ഇതുവഴി, ഖത്തറിലുള്ള ഇന്ത്യക്കാർക്ക് നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് യു.പി.ഐ ഐഡി ഉപയോഗിച്ച് പണം അയക്കാൻ കഴിയുന്നതാണ് സംവിധാനം. 60 സെക്കൻഡിനുള്ളിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയുന്ന യു.പി.ഐ ഇടപാടുകൾ ഏതുസമയവും ലഭ്യമാവും. കമേഴ്സ്യൽ ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് യു.പി.ഐ പേമെന്റ് നടത്താൻ കഴിയുന്നത്. ഇന്ത്യൻ ബാങ്കുകളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഉപഭോക്താവിന് യു.പി.ഐ ഐഡി നിർമിക്കാവുന്നതാണ്. ഇതുപയോഗിച്ചാണ് കമേഴ്സ്യൽ ബാങ്ക് അക്കൗണ്ടിൽനിന്ന് യു.പി.ഐ ഐഡി വഴിയുള്ള ഇടപാട് നടക്കുന്നത്.
ഇന്ത്യയിലേക്കുള്ള യു.പി.ഐ റമിറ്റൻസ് സേവനം ആരംഭിക്കുന്നത് സന്തോഷകരമായ നിമിഷമാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് കമേഴ്സ്യൽ ബാങ്ക് സി.ഇ.ഒ ജോസഫ് എബ്രഹാം പറഞ്ഞു. ‘ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടപാടുകാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങളിലെ സുപ്രധാനമായ ചുവടുവെപ്പാണിത്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ബാങ്കിങ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിലെ പ്രവാസികൾക്ക് നൂതന പേമെന്റ് സംവിധാനം അവതരിപ്പിക്കുന്നത്. അതിവേഗ ഡിജിറ്റൽ ലോകത്ത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ സേവനങ്ങൾ ഫലപ്രദമാവും’ -സി.ഇ.ഒ ജോസഫ് എബ്രഹാം പറഞ്ഞു.
ഉപഭോക്താക്കളുടെ ബാങ്കിങ് ഇടപാടുകൾ അതിവേഗത്തിലേക്ക് മാറ്റുന്നതിൽ നിർണായകമാണ് യു.പി.ഐ പണമിടപാട് എന്ന് റീട്ടെയിൽ ബാങ്കിങ് എക്സിക്യൂട്ടിവ് ജനറൽ മാനേജർ ഷാനവാസ് റാഷിദ് പറഞ്ഞു.
പണം ലഭിക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ് എന്നിവയൊന്നും ചേർക്കാതെ തന്നെ പണം കൈമാറാം എന്നതാണ് യു.പി.ഐയുടെ സവിശേഷത. മൊബൈലിലൂടെ ഏതുസമയത്തും എവിടെയിരുന്നും സുരക്ഷിതമായി പണമിടപാടുകൾ നടത്താവുന്നതാണ്.
സാധാരണയായി ഇന്റർനെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോൾ പണം കൈമാറുന്ന ആളുടെ വിവരങ്ങൾ നേരത്തെതന്നെ സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നാൽ, യു.പി.ഐ ആപ് വഴി പണം കൈമാറുമ്പോൾ ഇപ്രകാരം ചെയ്യേണ്ടതില്ല. യു.പി.ഐ ഇടപാടുകളിൽ പണം ഡിജിറ്റലായി ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറുന്നതിനാൽ, മൊബൈൽ വാലറ്റുകളിൽ ചെയ്യേണ്ടതുപോലെ ഇടക്കൊരിടത്ത് പണം നിക്ഷേപിച്ചശേഷം അതിൽനിന്ന് പണമിടപാടുകൾ നടത്തേണ്ടതില്ല.
കഴിഞ്ഞ ജനുവരിയിലാണ് എൻ.ആർ.ഇ, എൻ.ആർ.ഒ അക്കൗണ്ടുകൾ വഴി യു.പി.ഐ ഐഡി നിർമിക്കാൻ അവസരം നൽകുന്ന നിർദേശം നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്.
ഇതു പ്രകാരമാണ് യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് യു.പി.ഐ ഇടപാടിന് അവസരമൊരുങ്ങുന്നത്.
നോൺ റസിഡന്റ് എക്സ്റ്റേണൽ (എൻ.ആർ.ഇ), നോൺ റസിഡന്റ് ഓർഡിനറി (എൻ.ആർ.ഒ) ബാങ്ക് അക്കൗണ്ടുള്ള പ്രവാസികൾക്ക് അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്താനാകുന്നതാണ് ഈ അവസരം.
ദോഹ: ഖത്തറിൽ ആദ്യമായി യു.പി.ഐ അധിഷ്ഠിത പണമിടപാട് അവതരിപ്പിച്ച കമേഴ്സ്യൽ ബാങ്കിന്റെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് ഖത്തർ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ഇരുരാജ്യങ്ങൾക്കുമിടയിൽ ഉപഭോക്താക്കൾക്ക് സുരക്ഷിതവും ലളിതവുമായ പണമിടപാടിന് അവസരം ഒരുക്കുന്നതാണ് ശ്രമമെന്ന് കമേഴ്സ്യൽ ബാങ്കിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് എംബസി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.