ദോഹ: ലോകകപ്പിനെത്തുന്ന കാണികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നത് നിർബന്ധമാവില്ലെന്ന് വാക്സിനേഷൻ മേധാവി ഡോ. സോ അൽ ബയാത് പറഞ്ഞു. എന്നാൽ, എല്ലാവരും കോവിഡ്, പകർച്ചപ്പനി വാക്സിൻ സ്വീകരിക്കണമെന്ന് ശിപാർശ ചെയ്യുന്നു. ദശലക്ഷത്തിലേറെ കാണികൾ ഒന്നിക്കുന്ന മേളയെന്ന നിലയിൽ വാക്സിൻ സ്വീകരിച്ച് ആരോഗ്യ സുരക്ഷ പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ നിർദേശിച്ചിരുന്നു. ഇക്കാര്യം എല്ലാവരോടുമായി ആവർത്തിക്കുന്നതായും അവർ പറഞ്ഞു. കായിക പരിപാടികളും ആരോഗ്യ സുരക്ഷയും എന്ന വിഷയത്തിൽ ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡോ. സോഹ അൽ ബയാത്.
- പുതിയ ക്ലിനിക്കുകളും ആശുപത്രികളും; ആരോഗ്യം സജ്ജം
ലോകകപ്പ് ഫുട്ബാളിനായി ഖത്തറിന്റെ ആരോഗ്യ മേഖല സർവസജ്ജമെന്ന് ഫിഫ ലോകകപ്പ് ആരോഗ്യ വിഭാഗം വക്താവ് ഡോ. യൂസുഫ് അൽ മസ്ലമാനി. ലോകകപ്പിന് ആതിഥേയത്വം ലഭിച്ചതു മുതൽ ഒരുക്കം തകൃതിയാക്കിയ ഖത്തർ കഴിഞ്ഞ പത്തുവർഷം കഠിന ശ്രമത്തിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 16 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 10 ആശുപത്രികൾ എന്നിവ പുതുതായി തുറന്ന് മേഖലയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമൊരുക്കിയാണ് ഖത്തർ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെയും ജീവനക്കാരുടെയും എണ്ണം വർധിപ്പിച്ച്, ആംബുലൻസ് സർവിസും മെച്ചപ്പെടുത്തി. വിവിധ മേഖലകളിൽ വിദഗ്ധ ജീവനക്കാരുെട സേവനവുമായി ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് ഖത്തർ ഒരുക്കിയിരിക്കുന്നതെന്നും ഡോ. മസ്ലമാനി വിശദീകരിച്ചു.
സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ എന്നിവിടങ്ങളിൽ ഒരുക്കുന്ന ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കാണികൾക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ ലഭ്യമാവുന്നതാണ്. കൂടുതൽ ചികിത്സ ആവശ്യമാവുന്ന സന്ദർഭത്തിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റാനും സംവിധാനമുണ്ട്.
വിവിധ ടൂർണമെൻറുകളും വലിയ മേളകളും സംഘടിപ്പിച്ച പരിചയത്തിൽനിന്നുകൂടിയാണ് ലോകകപ്പിനുള്ള ആരോഗ്യ സംവിധാനം തയാറാക്കിയതെന്നും ഡോ. മസ്ലമാനി വ്യക്തമാക്കി. ലോകകപ്പുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖലയിലെ സേവനങ്ങൾ പൊതുജനാരോഗ്യമന്ത്രാലയം വെബ്സൈറ്റുകളിൽനിന്നും കാണികൾക്ക് ലഭ്യമാവും. പകർച്ചപ്പനി, ചൂടുകൂടിയ കാലാവസ്ഥ എന്നിവയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും വെബ്സൈറ്റുകളിലൂടെ നൽകുന്നുണ്ട്.
ഏതുതരത്തിലുള്ള രോഗവ്യാപനത്തെയും തടയാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം സാംക്രമിക രോഗ നിയന്ത്രണ വിഭാഗം വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത് പറഞ്ഞു. പ്രാദേശിക, രാജ്യാന്തര ഏജൻസികളും വിദഗ്ധരുമായും ചേർന്ന് ഇതിനായി ആവശ്യമായ മുൻകരുതലുകൾ ഒരുക്കിയതായും അവർ വിശദീകരിച്ചു.
കോവിഡ് കാലത്ത് ശക്തമായ ആരോഗ്യ സുരക്ഷ നടപടികളിലൂടെ രോഗവ്യാപനം കുറച്ചും സമ്പൂർണ വാക്സിനേഷൻ നടപ്പാക്കിയും ഖത്തർ മികവ് തെളിയിച്ചിട്ടുണ്ട്. കോവിഡ് ഉൾപ്പെടെ രോഗവ്യാപനം ഏറ്റവും വേഗത്തിൽ തിരിച്ചറിയാനുമുള്ള സംവിധാനമുണ്ട്. ലോകകപ്പ് ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ മേളയായി മാറുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.