ദോഹ: ഖത്തർ കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വണ്ടൂർ ഫെസ്റ്റ് വെള്ളിയാഴ്ച അബൂഹമൂറിലെ ഡി.എം.ഐ.എസ് കാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫുട്ബാൾ, വടംവലി, ഓട്ടമത്സരം, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങളും കലാസാഹിത്യ പ്രകടനങ്ങളും അരങ്ങേറും.
വണ്ടൂർ മണ്ഡലത്തിന് കീഴിലെ എട്ടു പഞ്ചായത്തുകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ച രണ്ടിന് ആരംഭിച്ച് രാത്രി 10ന് സമാപിക്കുന്ന വിവിധ പരിപാടികളിൽ പ്രമുഖർ അതിഥികളായെത്തും. വണ്ടൂർ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റർ മുഖ്യാതിഥിയാവും. കെ.എം.സി.സി സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുക്കും. കലാകായിക- സാംസ്കാരിക മേഖലകളിൽ സംഭാവനകൾ കൊണ്ട് ശ്രദ്ധേയമാണ് വണ്ടൂർ നിയോജക മണ്ഡലം.
സ്വാതന്ത്ര്യ സമരത്തിന്റെയും മാപ്പിള പോരാട്ടങ്ങളുടെയും ചരിത്രമുറങ്ങുന്ന വണ്ടൂരിൽനിന്നും പ്രവാസികളായി ഖത്തറിലെത്തിയ എല്ലാവരേയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി വണ്ടൂർ ഫെസ്റ്റ് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ വണ്ടൂർ ഫെസ്റ്റ് മുഖ്യരക്ഷാധികാരി പി.കെ. മുസ്തഫ ഹാജി പള്ളിശ്ശേരി, ഭാരവാഹികളായ നാസർ റഹ്മാനി, സ്വഫ് വാൻ മാളിയക്കൽ, സലീം റഹ്മാനി, ഷാനവാസ് മൂച്ചിക്കൽ, റശീഖ് തുവ്വൂർ, ഷാജഹാൻ മാളിയക്കൽ, സുഹൈൽ മമ്പാട്, നൗഫൽ എടപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.