ദോഹ: അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല, സംവിധായകന് സിദ്ദീഖ്, സാഹിത്യനിരൂപകനും അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച എന്നിവരെ അനുസ്മരിച്ച് തനിമ ഖത്തര്‍ സ്മൃതിയരങ്ങ് സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ തന്‍സീം കുറ്റ്യാടി, കേരള ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീന്, ഖത്തര്‍ മാപ്പിളകല അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. അവരവരുടെ തട്ടകങ്ങളില്‍ മികവ് പുലര്‍ത്തുകയും എക്കാലവും ഓര്‍ക്കാവുന്ന വേറിട്ട സംഭാവനകളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്യുമ്പോഴും ജീവിതത്തില്‍ ലാളിത്യവും നൈര്‍മല്യവും വിനയവും കാത്തുസൂക്ഷിച്ച മഹാപ്രതിഭകളായിരുന്നു ഇവരെന്ന് അനുസ്മരണപ്രഭാഷകര് ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് വിളയില്‍ ഫസീല ആലപിച്ച മാപ്പിളഗാനങ്ങളും സിദ്ദീഖ് സംവിധാനം നിര്‍വഹിച്ച സിനിമകളിലെ ഗാനങ്ങളും കോര്‍ത്തിണക്കി നടത്തിയ സംഗീത സ്മരണികയില്‍ ഷഫ, ജലീല്‍, നൗഷാദ് ഇടപ്പള്ളി, മെഹ്ദിയ മന്‍സൂര്‍, ശിവപ്രിയ, നിയാസ് മംഗലാപുരം, നൗഷാദ്, റഫാത്ത് നഈം തുടങ്ങി ദോഹയിലെ പ്രമുഖ ഗായകര്‍ അണിനിരന്നു.
തനിമ ഖത്തര്‍ ജനറല്‍ സെക്രട്ടറി നാസര്‍ വേളം സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ നബീല്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. റഫീഖ് തങ്ങള്‍, റഷീദ് കുനിയന്‍, അഹ്മദ് ഷാഫി, യൂസുഫ് പുലാപ്പറ്റ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.