ദോഹ: യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ഖത്തർ പൗരന്മാർക്ക് വിസ ഒഴിവാക്കി യൂറോപ്യൻ കമീഷന്‍റെ ശിപാർശ. നിർദേശത്തിന് ഇ.യു പാർലമെന്‍റും കൗൺസിലും അംഗീകാരം നൽകുന്നതോടെ ഖത്തർ, കുവൈത്ത് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് വിസയില്ലാതെ തന്നെ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ കഴിയും. ബയോ മെട്രിക് പാസ്പോർട്ട് കൈവശമുള്ളവർക്കായിരിക്കും വിസ ഓൺ അറൈവൽ സംവിധാനം നടപ്പാവുക. 90 ദിവസം വരെയാവും സന്ദർശകർക്ക് വിസയില്ലാതെ രാജ്യത്ത് തങ്ങാനുള്ള കാലാവധി. ബിസിനസ് ആവശ്യത്തിന് എത്തുന്നവർക്ക് 180 ദിവസം വരെയും തങ്ങാം.
ക്രമരഹിതമായ കുടിയേറ്റം, പൊതുനയവും സുരക്ഷയും, സാമ്പത്തിക കാര്യക്ഷമത, രാജ്യങ്ങളും യൂറോപ്യൻ യൂനിയനിലെ അംഗങ്ങളമായുള്ള ബന്ധം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ വിലയിരുത്തിയതിനുശേഷമാണ് കമീഷൻ ശിപാർശ ചെയ്യുന്നത്. വിസ ഒഴിവാക്കിയുള്ള നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ ഖത്തർ, കുവൈത്ത് പൗരന്മാർക്ക് അയർലൻഡ്, ഷെൻെഗൻ അംഗരാജ്യങ്ങളായ ഐസ്ലൻഡ്, ലിഷൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവ ഒഴികെ എല്ലാ യൂറോപ്യൻ രാജ്യങ്ങളും സന്ദർശിക്കാം.
മേഖലയിലെ മുഴുവൻ രാജ്യങ്ങളിൽനിന്നും യൂറോപ്യൻ യൂനിയനിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് കുവൈത്ത്, ഖത്തർ രാജ്യക്കാർക്ക് വിസ ഇളവു നൽകിയതെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്‍റ് ജോസഫ് ബോറൽ പറഞ്ഞു. എല്ലാ ജി.സി.സി രാജ്യങ്ങളുമായും പ്രാദേശിക സഹകരണം ഉറപ്പാക്കുകയും വിസരഹിത യാത്രാസൗകര്യം സ്ഥാപിക്കുകയുമാണ് ലക്ഷ്യം. ഈ നീക്കത്തിലൂടെ ജി.സി.സി രാജ്യങ്ങളും യൂറോപ്യൻ യൂനിയനുമായും വിവിധ മേഖലകളിലെ സഹകരണം ഉറപ്പാക്കാനും ബന്ധം ശക്തിപ്പെടുത്താനും സാധിക്കും -അദ്ദേഹം പറഞ്ഞു. യൂറോപ്യൻ കമീഷൻ ശിപാർശയെ ഖത്തർ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.