ബലിപെരുന്നാളിനോടനുബന്ധിച്ച് ഗ്രാൻഡ് മോസ്ക്കിൽ സംഘടിപ്പിച്ച ഓപൺ ഹൗസിന്റെ സമാപനചടങ്ങ്

ഗ്രാൻഡ് മോസ്ക്കിന്റെ ചരിത്രമറിഞ്ഞ് സന്ദർശകർ

മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് അഹ്മദ് അൽ ഫാത്തിഹ് ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച ഓപൺ ഹൗസ് സമാപിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം പേർ ഓപൺ ഹൗസിന്റെ ഭാഗമായി സെൻറർ സന്ദർശിച്ചു. കോവിഡ് -19 മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷം ഓപൺ ഹൗസ് നടത്തിയിരുന്നില്ല. ഡിസ്കവർ ഇസ്ലാം സെന്ററുമായി സഹകരിച്ചാണ് പരിപാടി നടത്തിയതെന്ന് സെന്റർ മേധാവി നവാഫ് റാഷിദ് അൽ റാഷിദ് പറഞ്ഞു. പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും രാജ്യത്തെ സഹിഷ്ണുതയെക്കുറിച്ചും സമാധാനപരമായ സഹവർത്തിത്വത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് ഓപൺ ഹൗസ് സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപൺ ഹൗസിന്റെ ഭാഗമായി ഗ്രാൻഡ് മോസ്കിലെത്തിയ സന്ദർശകർക്ക് ഗൈഡിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. ഗ്രാൻഡ് മോസ്കിന്റെ സവിശേഷതകൾ ഗൈഡ് സന്ദർശകർക്ക് വിശദീകരിച്ചുനൽകി. ഇതുവഴി, പള്ളിയുടെ ചരിത്രവും ശിൽപചാരുതയും മനസ്സിലാക്കാൻ സന്ദർശകർക്ക് കഴിഞ്ഞു. ഇതോടൊപ്പം അറബിക് കാലിഗ്രഫി ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ടുവർഷം ഒഴികെ, തുടർച്ചയായ 20 വർഷമായി സംഘടിപ്പിച്ചുവരുന്നതാണ് ഓപൺ ഹൗസ് എന്ന് ഡിസ്കവർ ഇസ്ലാം സെന്റർ ചീഫ് കോഓഡിനേറ്റർ അഹ്മദ് അൽ കൂഹേജി പറഞ്ഞു. 1987ൽ പണികഴിപ്പിച്ച മോസ്ക് 6500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്ഥിതിചെയ്യുന്നത്. 7000 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന പള്ളി ബഹ്റൈനിലെ ഏറ്റവും വലിയ ആരാധനാലയമാണ്.

പള്ളിയുടെ താഴികക്കുടം ലോകത്തെ ഏറ്റവും വലിയ ഫൈബർ ഗ്ലാസ് താഴികക്കുടമാണ്. ഇന്ത്യയിൽനിന്ന് കൊണ്ടുവന്ന തേക്കുമരം ഉപയോഗിച്ചാണ് പള്ളിയുടെ വാതിലുകൾ നിർമിച്ചത്. 

Tags:    
News Summary - Visitors learn about the history of the Grand Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.