‘ഫോബ്സ് ടോപ് 100’ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് പട്ടികയിൽ വി.പി മുഹമ്മദ് മിയാൻദാദും

ദോഹ: ഫോബ്സ് മിഡിൽ ഈസ്റ്റ് ടോപ് ഹെൽത്ത് കെയർ ലീഡർ പട്ടികയിൽ തുടർച്ചയായ രണ്ടാം തവണയും ഇടം നേടി ഖത്തറിൽ നിന്നുള്ള മലയാളി വ്യവസായി വി.പി മുഹമ്മദ് മിയാൻദാദ്. 33 ഹോൾഡിങ്സ് ചെയർമാനും മാനേജിങ് ഡയറക്ടറും നസീം ഹെൽത്ത് കെയർ എം.ഡിയുമാണ് മലപ്പുറം സ്വദേശിയായ മിയാൻദാദ്. കഴിഞ്ഞ വർഷവും ​മിഡിൽ ഈസ്റ്റിലെ 100 ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് പട്ടിയിൽ ഇദ്ദേഹം ഇടംപിടിച്ചിരുന്നു. ഖത്തറിലെ ആരോഗ്യ മേഖലക്ക് നൽകിയ സംഭാവനകൾക്കും ആഗോള തലത്തിലെ നേട്ടങ്ങൾക്കും നേതൃമികവിനും വൈദഗ്ധ്യത്തിനുമുള്ള അംഗീകാരമായാണ് ഫോബ്സ് പട്ടികയിലെ ഇടം.

ജി.സി.സിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യമേഖലയിലെ പ്രമുഖരോടൊപ്പം, യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഇടം പിടിച്ച പട്ടികയിൽ ഖത്തറിൽ നിന്നുള്ള ഏക ഇന്ത്യക്കാരൻ കൂടിയാണ് വി.പി മിയാൻദാദ്.

മിയാൻദാദ് മാനേജിങ് ഡയറക്ടറായ നസീം ഹെൽത്ത്‌കെയർ ഖത്തറിലെ ആരോഗ്യപരിപാലന രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമാണ്. ആരോഗ്യ സേവനത്തിന്റെ നിലവാരം ഉയർത്തി രോഗികൾക്ക് മികച്ച പരിചരണം ലഭ്യമാക്കാൻ അദ്ദേഹം കൈക്കൊണ്ട പദ്ധതികൾ ഈ മേഖലയിൽ മികവിലേക്ക് നയിച്ചു. എ.ബി.എം ഫോർ ട്രേഡിങ്, എ.ബി.എം ഫോർ സയന്റിഫിക്, ഡിഫൈൻ ഡെന്റൽ ലാബ്, ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (ഖിഷ്) തുടങ്ങിയ സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നു.

ഫോർബ്സ് അംഗീകാരം വലിയ സന്തോഷം നൽകുന്നതാണെന്ന് മിയാൻദാദ് പറഞ്ഞു. ‘ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. ഞങ്ങളുടെ ടീം തന്നെയാണ് എന്റെ കരുത്ത്. അവരുടെ സമർപ്പണവും കഠിനാധ്വാനവും ഇല്ലായിരുന്നെങ്കിൽ ഈ അംഗീകാരം കരസ്ഥമാക്കാനാകില്ല’ -മിയാൻദാദ് പറഞ്ഞു.

Tags:    
News Summary - VP Muhammed Miyandad in 'Forbes Top 100' Global Health Leaders List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.