ദോഹ: കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാളിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഖത്തറിന് ജമൈക്കക്കെതിരെ ത്രസിപ്പിക്കുന്ന ജയം. ഓസ്ട്രിയയിൽ നടന്ന മത്സരത്തിൽ 2-1നായിരുന്നു ഖത്തർ കരീബിയൻ കരുത്തരെ വീഴ്ത്തിയത്. കോച്ച് കാർലോസ് ക്വിറോസിന് കീഴിൽ ഖത്തറിന്റെ ആദ്യ ജയം കൂടിയാണിത്. കളിയുടെ 31ാം മിനിറ്റിൽ ഹുമാം അൽ അമീനും 39ാം മിനിറ്റിൽ മുഹമ്മദ് മുൻതാരിയും നേടിയ ഗോളിലായിരുന്നു ‘അന്നാബി’ എതിരാളികൾക്കുമേൽ മേധാവിത്വം നേടിയത്. 61ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജമൈക്ക തിരിച്ചുവരവ് സൂചന നൽകിയെങ്കിലും കളിയുടെ തന്ത്രം മാറ്റി കോച്ച് ക്വിറോസ് എതിരാളികളെ പൂട്ടിക്കെട്ടി.
ടീമിന്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ച കോച്ച് ക്വിറോസ്, ഓരോ ഘട്ടത്തിലും കളത്തിൽ ആവശ്യമായ പ്രകടനമായിരുന്നു കളിക്കാരുടേതെന്ന് പറഞ്ഞു. ‘‘പ്രതിരോധം ആവശ്യമായപ്പോൾ അവർ പ്രതിരോധിച്ചു. ആക്രമിച്ചു കളിക്കാൻ അവസരം ലഭിച്ചപ്പോൾ അതും ചെയ്തു. തയാറെടുപ്പ് തുടങ്ങി രണ്ടാഴ്ച മാത്രമാണ് പിന്നിട്ടത്. മുന്നിൽ ഒരുപാട് ദൂരമുണ്ട്. ഈ കളിക്കാർ കൂടുതൽ മെച്ചപ്പെടും’’ -മത്സരശേഷം കോച്ച് പറഞ്ഞു. ജൂൺ 26ന് കോൺകകാഫിലെ ആദ്യ മത്സരത്തിനിറങ്ങും മുമ്പ് ഖത്തർ ഒരു സന്നാഹ മത്സരം കൂടി കളിക്കും. 19ന് ന്യൂസിലൻഡിനെതിരെ ഓസ്ട്രിയയിൽ തന്നെയാണ് ഈ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.