മാലിന്യമുക്ത സമഗ്ര പദ്ധതി നാലാംഘട്ടത്തിലേക്ക്

ദോഹ: ഖരമാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്ന സമഗ്ര പദ്ധതി അവസാന ഘട്ടത്തിലേക്ക്. നാലാമത്തെയും അവസാനത്തെയും ഘട്ടത്തിൽ രാജ്യത്തെ സർക്കാർ-അർധ സർക്കാർ കെട്ടിടങ്ങൾ, സെൻട്രൽ ദോഹ, ദോഹ കോർണിഷ്, സ്റ്റേഡിയങ്ങൾ, മറ്റു കായിക സൗകര്യങ്ങൾ എന്നിവയെകൂടി ഉൾപ്പെടുത്തിയാണ് പരിപൂർണതയിലെത്തിക്കുന്നത്. മുനിസിപ്പാലിറ്റികളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, പങ്കാളികൾ, വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള ഭരണനിർവഹണ ഉദ്യോഗസ്ഥർ, ശുചീകരണ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഖരമാലിന്യം വേർതിരിക്കുന്നതിന്‍റെ നാലാംഘട്ടം നടപ്പാക്കുന്നത് സംബന്ധിച്ച ആമുഖയോഗത്തിൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു.

മാലിന്യങ്ങൾ കെട്ടിടങ്ങൾക്കുള്ളിൽ ആഭ്യന്തരതലത്തിൽ വേർതിരിക്കുന്നതിന്‍റെ പ്രാധാന്യം പൊതുശുചിത്വ വിഭാഗം മേധാവി മുഖ്ബിൽ മദ്ഹൂർ അൽ ശമ്മാരി യോഗത്തിൽ വ്യക്തമാക്കി. ഇരട്ട ബിൻ സംവിധാനമനുസരിച്ച് അവ വേർതിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യ കണ്ടെയ്നറിൽ പുനരുപയോഗം ചെയ്യാൻ സാധിക്കുന്ന ഖരമാലിന്യങ്ങൾ നിക്ഷേപിക്കാനുള്ളതാണ്. രണ്ടാമത്തെ കണ്ടെയ്നറിൽ ഭക്ഷ്യ അവശിഷ്ടങ്ങളുൾപ്പെടുന്ന ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കണം. മാലിന്യങ്ങൾ വേർതിരിക്കുന്നതിന്‍റെ ആത്യന്തികമായ ലക്ഷ്യം കാണുന്നതിന് പുറത്തുനിന്നുള്ള തരംതിരിക്കലും പൂർണമായും കൃത്യതയോടെ നടപ്പാക്കേണ്ടതുണ്ട്.

ഖരമാലിന്യങ്ങൾ വേർതിരിക്കുന്നതിന്‍റെ നാലാംഘട്ടം അൽ ശമ്മാരി അവതരിപ്പിച്ചു. സ്കൂളുകൾ, കിന്റർഗാർട്ടനുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കോംപ്ലക്സുകൾ, മാളുകൾ, സർവകലാശാലകൾ, പൊതു പാർക്കുകൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടുന്ന മുൻ ഘട്ടങ്ങളുടെയും വീടിന് തൊട്ടടുത്തുള്ള റീസൈക്ലിങ് കണ്ടെയ്നർ എന്ന ഇലക്ട്രോണിക് സേവനങ്ങളുടെയും തുടർച്ചയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ വർഷമാണ് വാണിജ്യ സ്ഥാപനങ്ങളും കമ്പനികളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് മുമ്പായി ഓർഗാനിക് മാലിന്യങ്ങളും പുനരുപയോഗിക്കാൻ കഴിയുന്ന മാലിന്യങ്ങളും വേർതിരിക്കുന്നതിനുള്ള കണ്ടെയ്നറുകൾ സ്ഥാപിക്കണമെന്ന് നഗരസഭ മന്ത്രാലയം ഉത്തരവിറക്കിയത്.

സുസ്ഥിരത ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായുള്ള 2021ലെ 170ാം നമ്പർ തീരുമാനം പ്രകാരം കമ്പനികൾ, സ്ഥാപനങ്ങൾ, ഹൗസിങ് കോംപ്ലക്സുകൾ, ഹോട്ടലുകൾ, വാണിജ്യ, വ്യവസായ ഔട്ട്ലെറ്റുകൾ, ബിൽഡിങ് ഓപറേറ്റർമാർ തുടങ്ങിയവരെല്ലാവരും മാലിന്യങ്ങൾ വേർതിരിക്കുന്നതിനായുള്ള മതിയായ കണ്ടെയ്നറുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. വീടുകൾ ഇതിൽനിന്ന് ഒഴിവാണ്. മാലിന്യങ്ങൾ വേർതിരിക്കുന്നതിന് പ്രധാനമായും രണ്ട് കണ്ടെയ്നറുകളാണ് സ്ഥാപിക്കേണ്ടത്. ഓർഗാനിക് മാലിന്യങ്ങൾക്കായി ഒരു കണ്ടെയ്നറും പുനരുപയോഗിക്കാൻ കഴിയുന്ന (റീസൈക്കിളബിൾ) മാലിന്യങ്ങൾക്കായി മറ്റൊരു കണ്ടെയ്നറും സ്ഥാപിച്ചിരിക്കണം.

മാലിന്യങ്ങൾ തുടക്കത്തിൽതന്നെ വേർതിരിക്കുന്നതിനായുള്ള സർക്കാർ പരിപാടിയുടെ ഭാഗമായി, മുനിസിപ്പാലിറ്റി മന്ത്രാലയം 'ഔൻ' ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. റീസൈക്കിൾ ചെയ്യുന്നതിനായുള്ള മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട ഏറ്റവും അടുത്ത കേന്ദ്രങ്ങൾ അറിയാൻ സാധിക്കുന്ന സേവനമാണ് 'ഔൻ' ആപ്പിൽ ആരംഭിച്ചിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും മുൻനിർത്തി മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്ന പരിപാടിക്ക് പിന്തുണ നൽകാൻ 'ഔൻ' ആപ്പിലെ പുതിയ ഫീച്ചർ പൊതുജനങ്ങൾക്ക് സഹായകമാകും.

നാലു ഘട്ടങ്ങൾ

2019: ഒന്നാംഘട്ടത്തിൽ സ്കൂൾ, കിൻഡർഗാർട്ടൻ, ആരോഗ്യ കേന്ദ്രങ്ങൾ.

2020: രണ്ടാംഘട്ടത്തിൽ ബാങ്ക്, സാമ്പത്തിക സ്ഥാപനങ്ങൾ, വാണിജ്യ കോംപ്ലക്സുകൾ, മാൾ.

2021: മൂന്നാംഘട്ടത്തിൽ സർവകലാശാല, പൊതു പാർക്കുകൾ, 112 ഹോട്ടലുകൾ, മൈ ഹോം ഇ-സർവിസ്.

2022: നാലാംഘട്ടത്തിൽ സർക്കാർ, അർധ സർക്കാർ കെട്ടിടങ്ങൾ, സെൻട്രൽ ദോഹ, ദോഹ കോർണിഷ്, ലോകകപ്പ് സ്റ്റേഡിയം, മറ്റു സ്ഥാപനങ്ങ

ൾ.

Tags:    
News Summary - Waste-free comprehensive project to the fourth phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.