ദോഹ: നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെൻറ് കാലയളവിലെ കാലാവസ്ഥ വിവരങ്ങൾ അറിയിക്കുന്നതിനായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു. fifaweather2022.com എന്ന പേരിലുള്ള വെബ്സൈറ്റിന്‍റെ ഉദ്ഘാടനം ഗതാഗത മന്ത്രാലയം ജാസിം ബിൻ സൈഫ് അൽ സുലൈതി നിർവഹിച്ചു. ഫിഫ ലോകകപ്പിനെത്തുന്നവർക്ക് പുതിയ സേവനം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യു വെതർ ആപ്പിൽ 'ഫിഫ 2022 വെതർ കണ്ടീഷൻസ്' എന്ന തലക്കെട്ടിലും പുതിയ സർവിസ് ലഭ്യമാണ്.
സ്റ്റേഡിയങ്ങളുൾപ്പെടുന്ന പ്രദേശത്തെ കാലാവസ്ഥ ഘടകങ്ങളുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ വെബ്സൈറ്റിലും ആപ്പിലും 24 മണിക്കൂറും ലഭ്യമായിരിക്കും. ലോക മീറ്റിയറോളജിക്കൽ ദിനത്തോടനുബന്ധിച്ച് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ)യാണ് പുതിയ വെബ്സൈറ്റ് വികസിപ്പിച്ചത്. എല്ലാ വർഷവും മാർച്ച് 23നാണ് ലോക മീറ്റിയറോളജിക്കൽ ദിനമായി ആചരിച്ചു വരുന്നത്. ലോക മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ 1950ൽ സ്ഥാപിതമായത് ഈ ദിവസമാണ്.
ലോകകപ്പിനെത്തുന്ന കാൽപന്തു പ്രേമികൾക്ക് ഏറ്റവും മികച്ച സേവനമായിരിക്കും വെബ്സൈറ്റിലൂടെ ലഭിക്കുകയെന്ന് ഗതാഗത മന്ത്രി ജാസിം സൈഫ് അൽ സുലൈതി ചടങ്ങിൽ പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ രംഗത്ത് ഖത്തർ നടത്തുന്ന മുന്നേറ്റമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ അതോറിറ്റി വിവിധ മേഖലകളിലായി നടത്തുന്ന പദ്ധതികളുടെ ഭാഗമാണിതെന്നും ലോകകപ്പ് പോലെയുള്ള വമ്പൻ കായിക ചാമ്പ്യൻഷിപ്പിന്റെ ആവശ്യകതകൾ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അൽ സുലൈതി വ്യക്തമാക്കി.
ഗൾഫ് മറൈൻ സെൻറർ വഴി കാലാവസ്ഥ സേവനം നൽകുന്നതിൽ ഖത്തറിന് ലോക മീറ്റിയറോളജിക്കൽ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഗൾഫ് മേഖല, അറബിക്കടൽ, ഏദൻ ഉൾക്കടൽ തുടങ്ങിയ പ്രദേശങ്ങളിൽ സമുദ്ര പ്രവചനങ്ങൾ നൽകുന്ന ഏക കേന്ദ്രമാണ് ഗൾഫ് മറൈൻ സെൻററെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.എ.എ മീറ്റിയറോളജി വിഭാഗം മേധാവി അബ്ദുല്ല അൽ മന്നാഇ ഉൾപ്പെടെയുള്ള മുതിർന്ന വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.