ദോഹ: പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായ, േക്ഷമ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് 2009ൽ ആരംഭിച്ച വെൽഫെയർ സംവിധാനമാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വഴി അതത് രാജ്യങ്ങളിലെ പ്രവാസികളിൽ ഏറ്റവും അർഹരായ വിഭാഗത്തിന്റെ വിവിധ ക്ഷേമങ്ങൾക്കായി വിനിയോഗിക്കണമെന്നാണ് ചട്ടം.
പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളിലെ സഹായങ്ങൾക്കായി ഉപയോഗിക്കാന്‍ രൂപവത്കരിച്ച ഈ ക്ഷേമനിധി പലപ്പോഴും അർഹരായ വിഭാഗങ്ങളുടെ ആവശ്യങ്ങൾക്കെത്തുന്നില്ലെന്നാണ് വിദേശകാര്യ സഹമന്ത്രി ലോക്സഭയിൽ സമർപ്പിച്ച കണക്കുകൾ നൽകുന്ന സൂചന. ഈ വർഷം ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം ഖത്തറിലെ ഇന്ത്യൻ എംബസിയിൽ 12.50 കോടി രൂപയാണ് ബാക്കിയുള്ളത്. ഈ വർഷം, ജനുവരി മുതൽ ജൂൺ വരെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഖത്തർ ഇന്ത്യൻ എംബസി ഐ.സി.ഡബ്ല്യു.എഫിൽനിന്ന് 8.95 ലക്ഷം ചെലവഴിച്ചപ്പോൾ, നിയമ സഹായത്തിനായി 8.41 കോടി രൂപയും ചെലവഴിച്ചു.
അടിയന്തര ഘട്ടങ്ങളിലെ ഉപയോഗങ്ങള്‍ കൂടാതെ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടുത്തണം എന്നതിന്റെ അടിസ്ഥാനത്തിൽ 2017ൽ നിർദേശങ്ങൾ കൂടുതൽ ലളിതവുമാക്കിയിരുന്നു. എന്നാൽ, തൊഴിലാളികൾ ഉൾപ്പെടെ സമ്പത്തിക പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും കേസുകളിൽ കുടുങ്ങിയവരുടെ നിയമപോരാട്ടത്തിനുമായി ഐ.സി.ഡബ്ല്യു.എഫ് തുക ആവശ്യാനുസരണം ലഭ്യമാകുന്നില്ലെന്ന് പ്രവാസി സാമൂഹികപ്രവർത്തകർ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പ്രകാരം ചെലവഴിക്കാൻ ഒരുപാട് വഴികളുണ്ടെങ്കിലും തൊഴിലില്ലാതെയും ആരോഗ്യ സംബന്ധമായ കേസുകളിലും പ്രയാസപ്പെടുന്നവരുടെ ക്ഷേമത്തിനായി ഫണ്ടിൽനിന്ന് സഹായം ലഭ്യമല്ലെന്ന് പരാതിപ്പെടുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും നിയമസഹായത്തിനുമായാണ് വലിയൊരു തുകയും ചെലവഴിക്കുന്നത്. തൊഴിലാളി മരിച്ചാൽ, മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ വിമാന ടിക്കറ്റ്, കാർഗോ ചാർജ്, എംബാമിങ് ചാർജ് തുടങ്ങിയവ തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. അതേസമയം, തൊഴിലുടമ വഹിക്കാത്ത സാഹചര്യങ്ങളിൽ ബന്ധുക്കളോ സാമൂഹിക സംഘടനകളോ വ്യക്തികളോ വഹിക്കും. ചില കേസുകളിൽ എംബസി ഈ തുക ചെലവഴിച്ച വ്യക്തികൾക്ക് നൽകുകയും ചെയ്യും.
പ്രവാസികളിൽനിന്നുതന്നെ വിവിധ മാർഗങ്ങളിലൂടെയാണ് ഐ.സി.ഡബ്ല്യു.എഫിലേക്കുള്ള ഫണ്ടുകൾ കണ്ടെത്തുന്നത്. പാസ്പോർട്ട്, വിസ, ഒ.സി.ഐ, പി.ഐ.ഒ കാർഡുകൾ എന്നിവയുടെ സേവനങ്ങൾ, അറ്റസ്റ്റേഷൻ, കോൺസുലാർ സർവിസ് എന്നിവയിൽനിന്നുള്ള ഫീസ് വഴിയും വ്യക്തികളും സ്ഥാപനങ്ങളും സംഭാവനയായി നൽകുന്ന തുകയിൽ നിന്നുമെല്ലാമായി കണ്ടെത്തുന്ന തുകയാണ് കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ പ്രധാന ഉറവിടം. ആദ്യഘട്ടത്തിൽ കേന്ദ്ര ബജറ്റിൽ വിദേശകാര്യ മന്ത്രാലയത്തിന് അനുവദിക്കുന്നതിൽനിന്ന് നിശ്ചിത തുക നീക്കിവെച്ചിരുന്നെങ്കിലും പിന്നീട് സ്വയംപര്യാപ്തമായതോടെ അവസാനിപ്പിക്കുകയായിരുന്നു.
(*രൂപയിൽ)
ഖത്തർ
12 കോടി ചെലവഴിക്കാൻ ബാക്കിയുള്ള ഖത്തറിലെ ഇന്ത്യൻ എംബസി വഴി ഈ വർഷം നിയമസഹായത്തിന് റെക്കോഡ് തുകയാണ് ചെലവഴിച്ചത്. 8.41 കോടി രൂപ ആറു മാസംകൊണ്ട് നിയമസഹായത്തിന് ചെലവഴിച്ചതായി കണക്കുകൾ പറയുന്നു. അതേസമയം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് 8.95 ലക്ഷമാണ് ഈ വർഷം ജൂൺ വരെ ചെലവഴിച്ചത്. 2019ൽ ഇത് 8.8 ലക്ഷവും 2020ൽ 7.95 ലക്ഷവും 2021ൽ 4.46 ലക്ഷവും 2022ൽ 7.26 ലക്ഷവുമാണ് ചെലവഴിച്ചത്.
പ്രവാസികളുടെ നിയമസഹായത്തിന് 2019ൽ 1.87 ലക്ഷവും 2020ൽ 26,000 രൂപയും 2021ൽ 1.79 ലക്ഷവും 2022ൽ 7.40 ലക്ഷവും ചെലവഴിച്ചു.
യു.എ.ഇ
അബൂദബി, ദുബൈ നയതന്ത്ര കാര്യാലയങ്ങൾവഴി യു.എ.ഇയിൽ ഐ.സി.ഡബ്ല്യു.എഫ് ഫണ്ടുകൾ ചെലവഴിക്കുന്നു. അബൂദബി എംബസി വഴി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 2019ൽ 2.37 ലക്ഷം, 2020ൽ 2.02 ലക്ഷം, 2021ൽ 2.21 ലക്ഷം, 2022ൽ 21.49 ലക്ഷം എന്നിങ്ങനെയാണ് കണക്ക്. ഈ വർഷം ജൂൺ വരെ 81 രൂപയും ചെലവഴിച്ചു.
അതേസമയം, 2019, 2020 വർഷങ്ങളിൽ നിയമസഹായത്തിന് ഒരുപൈസ പോലും ചെലവഴിച്ചില്ല. 2021ൽ ഇത് 16,427 രൂപയും 2022ൽ 51053 രൂപയും ചെലവഴിച്ചപ്പോൾ ഈ വർഷം ഇതുവരെ ഒരു പൈസപോലും ചെലവഴിച്ചിട്ടില്ല.
ദുബൈ കോൺസുലേറ്റ് വഴി മൃതദേഹം നാട്ടിലെത്തിക്കാൻ 2019ൽ 62 ലക്ഷം രൂപയും 2020ൽ 63 ലക്ഷം രൂപയും 2021ൽ 80.37 ലക്ഷം രൂപയും 2022ൽ 1.42 കോടിയും ചെലവഴിച്ചു. ഈ വർഷം ഇതുവരെ 47 ലക്ഷവും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ചെലവാക്കി.
അതേസമയം, നിയമ സഹായങ്ങൾക്ക് 2019ൽ ഒരു തുകയും മുടക്കിയിട്ടില്ല. 2020ൽ ഇത് 3.44 ലക്ഷവും 2021ൽ 6.29 ലക്ഷവും 2022ൽ 2.63 ലക്ഷവും ഈ വർഷം ഇതുവരെ 3.65 ലക്ഷവുമാണ് ചെലവഴിച്ചത്.
സൗദി അറേബ്യ
സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസിയിലും ജിദ്ദ കോൺസുലേറ്റിലും ഐ.സി.ഡബ്ല്യു ഫണ്ടിൽ 34.67 കോടിയാണ് ചെലവഴിക്കാതെ ബാക്കിയുള്ളത്. റിയാദിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് 2019ൽ 52.67 ലക്ഷം, 2020ൽ 76.64 ലക്ഷം, 2021ൽ 1.48 കോടി, 2022ൽ 1.41കോടി, 2023ൽ ഇതുവരെ 75 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചു. നിയമസഹായത്തിന് 2019 മുതൽ 2022 വരെ ഒരു തുകയും ചെലവഴിച്ചിട്ടില്ല. അതേസമയം ഈ വർഷം 10 ലക്ഷം ചെലവഴിച്ചു.
ജിദ്ദയിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 2019ൽ 22.86 ലക്ഷം, 2020ൽ 91.04 ലക്ഷം, 2021ൽ 26.80 ലക്ഷം, 2022ൽ 49.92 ലക്ഷം, ഈ വർഷം ഇതുവരെ 13.05 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചു.
കുവൈത്ത്
17.96 കോടി അവശേഷിക്കുന്ന കുവൈത്ത് ഇന്ത്യൻ എംബസി വഴി കഴിഞ്ഞ നാലുവർഷമായി നിയമസഹായത്തിന് ഒരു തുകയും ചെലവഴിച്ചിട്ടില്ല. 2019ൽ 1.85 ലക്ഷം ചെലവഴിച്ചതു മാത്രമാണ് ഈ കണക്കിലുള്ളത്. അതേസമയം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി 2019ൽ 2.41 ലക്ഷം, 2020ൽ 10.79 ലക്ഷം, 2021ൽ 16.75 ലക്ഷം, 2022ൽ 27.53 ലക്ഷം, 2023 ജൂൺ 30 വരെ 13 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചു.
ഒമാൻ
ഐ.സി.ഡബ്ല്യു ഫണ്ടിൽ ഏറ്റവും കുറഞ്ഞ തുക കൈയിലുള്ള രാജ്യമാണ് ഒമാൻ. കണക്കുപ്രകാരം 6.06 കോടി രൂപ. ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ തുക ചെലവഴിക്കുന്നതും ഇവിടെയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് 2019ൽ 6.62 ലക്ഷം, 2020ൽ 7.49 ലക്ഷം, 2021ൽ 7.11 ലക്ഷം, 2022ൽ 13.96 ലക്ഷം, ഈ വർഷം ഇതുവരെ 7.86 ലക്ഷം എന്നിങ്ങനെയാണ് ചെലവ്. നിയമസഹായത്തിന് 2019ൽ 26.13 ലക്ഷവും 2020ൽ 5.71 ലക്ഷവും ചെലവഴിച്ചു. എന്നാൽ, 2021, 2022 വർഷങ്ങളിൽ ഒരു തുകയും ഈ ആവശ്യത്തിനായി വിനിയോഗിച്ചിട്ടില്ല. 2023ൽ ഇതുവരെ 87,989 രൂപ ഈ വകയിൽ ചെലവഴിച്ചിട്ടുണ്ട്.
ബഹ്റൈൻ
14.13 കോടി രൂപയാണ് ബഹ്റൈൻ എംബസിയുടെ ഐ.സി.ഡബ്ല്യു ഫണ്ടിൽ ചെലവഴിക്കാതെ ബാക്കിയുള്ളത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 2019ൽ 3.65 ലക്ഷവും 2020ൽ 4.40 ലക്ഷവും, 2021ൽ 10.86 ലക്ഷവും, 2022ൽ 10.54 ലക്ഷവും ഈ വർഷം ഇതുവരെ ഏഴുലക്ഷവും ചെലവഴിച്ചു. അതേസമയം, നിയമസഹായത്തിന് 2019ൽ 21,577 രൂപ, 2020ൽ 58,129 രൂപ, 2021ൽ 62302 രൂപ, 2022ൽ 1.99 ലക്ഷം രൂപ, ഈ വർഷം ഇതുവരെ 74.598 രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്.
ദോഹ: ആറ് ഗൾഫ് രാജ്യങ്ങളിൽ 125 കോടിയോളം രൂപ ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം കൈയിലിരിപ്പുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. ഇതിൽ ഏറ്റവും കൂടുതൽ യു.എ.ഇയിലെയും സൗദിയിലെയും എംബസികളിലെ ഐ.സി.ഡബ്ല്യു.എഫിലാണുള്ളത്. ഏറ്റവും കുറവ് ഒമാനിലും. 2019 മുതലുള്ള കണക്കുകൾ പ്രകാരം ചെലവഴിച്ചത് ഏറെയും വിദേശത്ത് മരണപ്പെട്ട് പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ്. നിയമ സഹായത്തിനായി ചെലവഴിച്ചതാവട്ടെ കുറഞ്ഞ തുകയും.
കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ എന്നിവർ തൊഴിലുടമയിൽനിന്ന് ചാടിയെത്തി അഭയം തേടുേമ്പാൾ അവർക്കുള്ള താമസം, യാത്ര, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അടിയന്തര ചികിത്സ, വിവിധ കാരണങ്ങളാൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാന ടിക്കറ്റ്, കേസിൽ കുടുങ്ങിയവർക്ക് നിയമസഹായത്തിനുള്ള ചെലവ്, ചില സന്ദർഭങ്ങളിൽ തൊഴിലാളി മരണപ്പെടുേമ്പാൾ മൃതദേഹത്തിനുള്ള യാത്രചെലവ് തുടങ്ങിയവ സ്പോൺസർക്കും കുടുംബത്തിനും വഹിക്കാൻ കഴിയാതെ വരുേമ്പാഴും മറ്റും ഐ.സി.ഡബ്ല്യു ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ, പല ഘട്ടങ്ങളിലും അർഹമായ വിഭാഗങ്ങളിൽപോലും ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് പ്രവാസി സാമൂഹിക പ്രവർത്തകരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.