ദോഹ: ശൈത്യകാല ക്യാമ്പിങ് സീസണിന് തുടക്കം കുറിക്കാനിരിക്കെ മരുഭൂമിയിലെ ക്യാമ്പിങ് മേഖലയിലേക്ക് കാരവാനും ട്രെയിലറും കൊണ്ടുപോകാൻ മാർഗനിർദേശം പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. ഞായർ മുതൽ ബുധൻ വരെ രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനുമിടയിലും, വ്യാഴം, വെള്ളി, ശനി അവധി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരക്യുമാണ് കാരവാനും ട്രെയിലറും കെട്ടിവലിച്ചുകൊണ്ടുപോകാൻ അനുവാദമുള്ള സമയം.
നഗരത്തിലെ പ്രധാന റോഡുകൾ ഒഴിവാക്കി പുറത്തുള്ള റോഡുകളും എക്സിറ്റുകളും ഉപയോഗിക്കണമെന്നും, റോഡിലെ വലതുപാത ഉപയോഗിക്കാനും നിർദേശിച്ചു. അതേസമയം, പ്രതികൂല കാലാവസ്ഥയുള്ളപ്പോൾ കാരവാൻ വാഹനങ്ങൾ കൊണ്ടുപോകാൻ പാടില്ല. കെട്ടിവലിച്ചു നീങ്ങുന്ന വാഹനങ്ങൾ ഓവർടേക്ക് ചെയ്യരുതെന്നും നിർദേശിച്ചു.
പിന്നിലെ ലൈറ്റ്, ബ്രേക്ക്, ടയർ എന്നിവയുടെ സുരക്ഷ, ചുവപ്പ്-മഞ്ഞ റിഫ്ലക്ടർ ലൈറ്റുകൾ, അഗ്നിശമന ഉപകരണം തുടങ്ങിയ സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കണം. വാഹനത്തിന്റെ വീതി 2.60 മീറ്ററിലും നീളം 3.5 മീറ്ററിലും കൂടാൻ പാടില്ല. ശൈത്യകാല ക്യാമ്പിങ് സമയങ്ങളിൽ മരുഭൂമിയിലെ താമസ ആവശ്യത്തിനുള്ള സംവിധാനമായാണ് കാരവാനുകൾ ഉപയോഗിക്കുന്നത്. സീസൺ കാലത്ത് മരുഭൂമിയിലും, ശേഷം, തിരികെ എത്തിക്കുകയുമാണ് ചെയ്യുന്നത്.
നവംബർ അഞ്ച് മുതൽ 2025 ഏപ്രിൽ 30 വരെയാണ് ഖത്തറിലെ ക്യാമ്പിങ് സീസൺ. ക്യാമ്പിങ്ങിന്റെ രജിസ്ട്രേഷൻ ഒക്ടോബർ 15ന് ആരംഭിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ‘ബീഅ’ ആപ് എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.