ദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിൽ പോരാട്ടം സജീവമാക്കി വനിതാ സ്ഥാനാർഥികൾ. ഒക്ടോബർ രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് മൂന്നു ദിവസം മത്രം ശേഷിക്കെ ചിട്ടയായ പ്രവർത്തനങ്ങളും പ്രചാരണങ്ങളുമായി വനിതകൾ സജീവമാണ്. നേരേത്ത മത്സരരംഗത്തുനിന്ന് 53 പുരുഷ സ്ഥാനാർഥികൾ പിൻവലിച്ചപ്പോൾ, രണ്ടു വനിതകൾ മാത്രമാണ് പിൻവാങ്ങിയത്. അവസാന നിമിഷത്തിലും 26 പേർ പുതിയ ആശയങ്ങളും വാഗ്ദാനങ്ങളുമായി വോട്ടുകൾ ചോദിച്ച് മുന്നേറുന്നു.
26 വനിത സ്ഥാനാർഥികളുൾപ്പെടെ 30 മണ്ഡലങ്ങളിലേക്കായി 229 പേരാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. 22ാം നമ്പർ മണ്ഡലത്തിൽ അഞ്ച് വനിതാ സ്ഥാനാർഥികളാണ് നേർക്കുനേർ പോരിനിറങ്ങുന്നത്. ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ രാജ്യത്തിെൻറ നിർണായകമായേക്കാവുന്ന പല തീരുമാനങ്ങളിലും വനിതാപങ്കാളിത്തം ശ്രദ്ധേയമാകും. കൂടാതെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിയമഭേദഗതിയടക്കമുള്ള നടപടികൾക്കായി വിജയികൾക്ക് പ്രവർത്തിക്കാനുമാകും. നിയമ നിർമാണ രംഗത്ത് പ്രവർത്തിക്കുന്നതിന് വനിതകൾക്ക് ലഭിച്ചിരിക്കുന്ന സുവർണാവസരമാണ് വരാനിരിക്കുന്ന ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പെന്നും സമൂഹത്തെയും പ്രത്യേകിച്ച് സ്ത്രീകളെയും സേവിക്കുന്നതിനുള്ള അവരുടെ തയാറെടുപ്പ് കൂടിയാണിതെന്നും 11ാം നമ്പർ മണ്ഡലത്തിൽനിന്നുള്ള മഹാ ജാസിം അൽ മാജിദ് വ്യക്തമാക്കി. സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടുതൽ ഉത്തരവാദിത്തതോടെ അവതരിപ്പിക്കാനും പ്രതിനിധാനംചെയ്യാനുമുള്ള അവസരമാണിതെന്നും മുൻ കൗൺസിലുകളിൽനിന്നും വ്യത്യസ്തമായി വനിതകളുടെ അധികരിച്ച പങ്കാളിത്തം ശൂറാ കൗൺസിലിൽ അനിവാര്യമാണെന്നും മഹാ അൽ മാജിദ് പറഞ്ഞു. ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ് സമിതികളിൽ വനിതകൾക്ക് നിശ്ചിത സീറ്റ് സംവരണം ചെയ്യണമെന്നതാണ് പ്രകടനപത്രികയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.