മ​ന്ത്രി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ അ​വാ​ർ

മികച്ച സ്വകാര്യ കമ്പനികൾക്ക് വർക് പെർമിറ്റ് ഫീസ് കുറയും

ദുബൈ: തൊഴിൽ നിയമങ്ങളും മാനദണ്ഡങ്ങളും ശരിയായി പൂർത്തിയാക്കുന്ന സ്വകാര്യ കമ്പനികൾക്ക് വർക് പെർമിറ്റ് ഫീസിൽ ഇളവ് ലഭിക്കും. യു.എ.ഇയുടെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമറിയിച്ചത്. ഇതിന്‍റെ ഭാഗമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുന്ന സംവിധാനം ആരംഭിക്കുമെന്നും വകുപ്പ് മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാർ അറിയിച്ചു.

ഈ സംവിധാനം ജൂൺ ആദ്യത്തിൽ ആരംഭിക്കാനാണ് തീരുമാനം. വേതന സംരക്ഷണ സമ്പ്രദായം, സാംസ്കാരിക വൈവിധ്യം, തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന തീരുമാനങ്ങളോടുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയാണ് കമ്പനികളെ വർഗീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. കമ്പനികളിലെ സ്വകാര്യവത്കരണ തോതും ഇതിന്‍റെ അടിസ്ഥാനമാകും. മൂന്ന് വിഭാഗങ്ങളിൽ ആദ്യ വിഭാഗത്തിന് വർക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫീസ് രണ്ട് വർഷത്തേക്ക് 250 ദിർഹവും രണ്ടാമത്തെ വിഭാഗത്തിലെ കമ്പനികൾക്ക് 1,200 ദിർഹവും മൂന്നാമത്തേതിന് 3,450 ദിർഹവും ആയിരിക്കും. ആദ്യ വിഭാഗങ്ങളിൽ എത്തുന്ന കമ്പനികൾക്കാണ് ഇതിലൂടെ ഇളവ് ലഭിക്കുന്നത്. ഈ വിഭാഗത്തിൽ എത്താൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മന്ത്രാലയം ഒരു വർക്കിങ് മാപ്പ് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. കമ്പനികൾ ഏത് വിഭാഗത്തിലാണ് ഉൾപ്പെട്ടതെന്ന് മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ നേരിട്ട് അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

സ്വകാര്യ മേഖലയിൽ 2026ഓടെ തൊഴിലാളികളിൽ 10 ശതമാനം യു.എ.ഇ സ്വദേശികളാക്കുന്നതിന് പദ്ധതി 2020ൽ ആരംഭിച്ചിട്ടുണ്ട്. 'നാഫിസ് പ്രോഗ്രാം' എന്ന് പേരിട്ട പദ്ധതി പ്രകാരം 75,000 ഇമാറാത്തികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. യു.എ.ഇ പൗരന്മാർക്ക് ജോലി നൽകുന്ന സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് സർക്കാറിന്‍റെ സഹായം ലഭിക്കുമെന്നും സ്വദേശിവത്കരണം ആർക്കും ഭാരമാകില്ലെന്നും കഴിഞ്ഞ ദിവസം ഇമാറാത്തി ടാലന്‍റ് കോംപറ്റീറ്റീവ്നസ് കൗൺസിൽ സെക്രട്ടറി ജനറൽ ഗനാം അൽ മസ്റൂയി പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മികച്ച കമ്പനികൾക്ക് വർക് പെർമിറ്റ് ഫീസിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Work permit fees will be reduced for the best private companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.