ദോഹ: ലോകകപ്പ് ഫുട്ബാളിലൂടെ കാൽപന്തുകളിയുടെ പൂരനഗരിയായ മണ്ണിലേക്ക് വീണ്ടും ലോകത്തെ ശ്രേദ്ധയമായ മത്സരമെത്തുന്നു. വിവിധ വൻകരകളിൽനിന്നുള്ള ചാമ്പ്യൻ ക്ലബുകൾ മാറ്റുരക്കുന്ന പ്രഥമ ഫിഫ കോണ്ടിനെന്റൽ കപ്പ് ഫുട്ബാളിന്റെ ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങൾക്ക് ഈ വർഷം ഖത്തർ വേദിയാകുമെന്ന് ഫിഫ അറിയിച്ചു.
ഡിസംബർ 18ന് ഖത്തർ ദേശീയ ദിനത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡാണ് മത്സരിക്കുന്ന ഒരു ടീം. കിലിയൻ എംബാപ്പെയും ലൂകാ മോഡ്രിച്ചും, റോഡ്രിഗോയും ഉൾപ്പെടെ ലോകഫുട്ബാളിലെ സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ശ്രദ്ധേയ മത്സരത്തിന് സാക്ഷിയാവാനുള്ള അവസരമാണ് ആരാധകർക്കൊരുങ്ങുന്നത്. ലോകോത്തര കായിക മേളകൾക്ക് രാജ്യത്തിന് വേദിയൊരുക്കാനുള്ള മികവിനുള്ള അംഗീകാരമാണ് ഈ ആതിഥേയത്വമെന്ന് ഖത്തർ കായിക, യുവജന മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പറഞ്ഞു.
‘എക്കാലത്തെയും മികച്ച ഫിഫ ലോകകപ്പിന് ഖത്തർ വേദിയൊരുക്കിയതിന്റെ രണ്ടാം വാർഷികത്തിലാണ് ഫിഫ ഇന്റർകോണ്ടിനെൻറൽ കപ്പ് എത്തുന്നത്. ലോകഫുട്ബാളിലെ ഏറ്റവും മികച്ച താരങ്ങളെ വീണ്ടുമൊരിക്കൽ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു. ഖത്തർ 2022ന്റെ ലെഗസിയെ വീണ്ടും പ്രദർശിപ്പിക്കുകയാണ് ഈ മേള’ -ശൈഖ് ഹമദ് ബിൻ ഖലീഫ പറഞ്ഞു. മൂന്ന് മത്സരങ്ങളുടെ ഖത്തറിലെ വേദികൾ പിന്നീട് പ്രഖ്യാപിക്കും.
പ്രഥമ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മത്സരങ്ങൾക്കാണ് ഖത്തർ വേദിയാകുന്നത്. ഡിസംബർ 18ലെ ഫൈനലിന് മുന്നോടിയായി ഡിസംബർ 11,14 തീയതികളിലെ േപ്ല ഓഫ് മത്സരങ്ങൾക്കും ഖത്തർ വേദിയാകും. വിവിധ വൻകര ജേതാക്കളാണ് േപ്ല ഓഫിൽ കളിക്കുന്നത്.
എല്ലാ വർഷങ്ങളിലുമായി നടക്കുന്ന ക്ലബ് വേൾഡ് കപ്പ് ഫുട്ബാൾ പരിഷ്കരിച്ചതോടെയാണ് ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ അവതരിപ്പിച്ചത്. ക്ലബ് ലോകകപ്പ് പോലെ വിവിധ വൻകരകളിൽനിന്നുള്ള ചാമ്പ്യൻ ടീമുകൾ ഇവിടെ മാറ്റുരക്കും. ഫിഫയുടെ പുതിയ നിയമപ്രകാരം ക്ലബ് ലോകകപ്പ് 2025 മുതൽ 32 ടീമുകളുടെ വലിയ ടൂർണമെന്റായാണ് സംഘടിപ്പിക്കുന്നത്. എല്ലാ നാലു വർഷത്തിലൊരിക്കൽ എന്ന നിലയിലാണ് ക്ലബ് ലോകകപ്പ് ആസൂത്രണം ചെയ്തത്. അടുത്ത വർഷം അമേരിക്കയിലാണ് ക്ലബ് ലോകകപ്പ് അരങ്ങേറുന്നത്.
ഇന്റർകോണ്ടിനെന്റൽ കപ്പിൽ ആറ് വൻകരകളുടെ പ്രതിനിധികളായാണ് ആറ് ടീമുകൾ മത്സരിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡ് പുറമെ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലി (ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ്), മെക്സിക്കൻ ക്ലബായ പച്ചുവ (കോൺകകാഫ് ജേതാക്കൾ), യു.എ.ഇ ക്ലബ് അൽ ഐൻ (എ.എഫ്.സി ചാമ്പ്യൻസ് ലീഗ്), ന്യൂസിലൻഡിൽനിന്നുള്ള ഓക്ലൻഡ് സിറ്റി (ഒ.എഫ്.സി ചാമ്പ്യൻസ് ലീഗ്) എന്നിവരാണ് നിലവിൽ തീർപ്പായത്. നവംബർ അവസാനവാരത്തോടെ പൂർത്തിയാവുന്ന കോപലിബർറ്റഡോറസിലെ ജേതാക്കളാണ് മറ്റൊരു ടീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.