ലോകകപ്പ്​ യോഗ്യത നേടിയ ദക്ഷിണ കൊറിയൻ ഫുട്​ബാൾ ടീം

ലോക കപ്പ്: ഏഷ്യൻ യോഗ്യതാ റൗണ്ട്​ കടന്ന്​ ദക്ഷിണ കൊറിയയും ഖത്തറിലേക്ക്​

ദോഹ: ഖത്തറിന്‍റെ മണ്ണിലേക്ക്​ കളിയുടെ വലിയ പെരുന്നാളിനായി ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയുമെത്തുന്നു. ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ടിലെ ഗ്രൂപ്പ്​ 'എ'യിൽനിന്ന്​ ഇറാനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ്​ ദക്ഷിണ കൊറിയയുടെ വരവ്​. കഴിഞ്ഞ രാത്രിയിൽ സിറിയയെ മറുപടിയില്ലാത്ത രണ്ട്​ ഗോളിന്​ വീഴ്ത്തിയാണ്​ ടോട്ടൻഹാമിന്‍റെ ഗോളടിതാരം ഹ്യൂങ്​ മിൻ സണിന്‍റെ കൊറിയൻ പടയുടെ വരവ്​. എട്ട്​ കളി പൂർത്തിയായ ഗ്രൂപ്പിൽനിന്നും 22 പോയന്‍റുമായി ഇറാൻ നേരത്തെ തന്നെ ഖത്തറിലേക്കുള്ള ടിക്കറ്റ്​ ഉറപ്പിച്ചിരുന്നു. 20 പോയന്‍റാണ്​ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയുടെ നേട്ടം. എല്ലാ ടീമുകൾക്കും രണ്ട്​ കളി കൂടി ബാക്കിനിൽക്കെ യു.എ.ഇ, ലെബനാൻ, ഇറാഖ്​, സിറിയ ടീമുകൾ അണിനിരന്ന ഗ്രൂപ്പിൽ നിന്നുള്ള ലോകകപ്പ്​ യോഗ്യരുടെ ചിത്രം തെളിഞ്ഞു.

സീനിയർ താരങ്ങൾ​ക്ക്​ വിശ്രമം നൽകിയാണ്​ ദക്ഷിണ കൊറിയ അവസാന മത്സരത്തിനിറങ്ങിയത്​. അനായാസ ജയത്തോടെ ലോകകപ്പിന്​ നേരത്തെ തന്നെ ടിക്കറ്റും ഉറപ്പിച്ചു. 2002 ലോകകപ്പിന്​ ആതിഥേയരായവരുടെ 11ാം ലോകകപ്പ്​ പ്രവേശനം കൂടിയാണിത്​. സ്വന്തം മണ്ണിൽ സെമിഫൈനലിലെത്തി വിസ്മയിപ്പിച്ച കൊറിയക്കാർ, 2010ൽ പ്രീക്വാർട്ടറിലെത്തിയിരുന്നു. 2006, 2014, 2018 ലോകകപ്പുകളിൽ ഗ്രൂപ്പ്​ റൗണ്ടുകളിൽ തന്നെ മടങ്ങാനായിരുന്നു യോഗം. ഇനി ഗ്രൂപ്​ 'ബി'യിൽനിന്ന്​ ഖത്തറിലേക്ക്​ യോഗ്യത നേടുന്നവർ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ്​ ആരാധകലോകം. സൗദി അറേബ്യൻ (19), ജപ്പാൻ (18), ആസ്​ട്രേലിയ (15) ടീമുകൾ തമ്മിലാണ്​ ഗ്രൂപ്പിലെ പോരാട്ടം.


Tags:    
News Summary - World Cup: South Korea also qualified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.