ദോഹ: നഗരത്തിരക്കിൽനിന്ന് മാറി, കതാറ സാംസ്കാരികകേന്ദ്രത്തോട് ചേർന്ന ദോഹ എക്സിബിഷൻ സെന്റർ. കഴിഞ്ഞ മൂന്നു മാസമായി രാവും പകലും ഇവിടെയാണ് ലോകകപ്പിന്റെ ലോകം. തലപുകയുന്ന ആലോചനകൾ, കളിയും തമാശയും പിന്നെ കാര്യവും നിറഞ്ഞ അഭിമുഖങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നേരിട്ടെത്തി പങ്കെടുക്കുന്നവരും അമേരിക്ക, യൂറോപ്പ്, ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ മേഖലകളിൽനിന്ന് ഓൺലൈൻ വഴി ചേരുന്നവരുമെല്ലാമായി ആകെ ബഹളം. മേയിൽ തുടങ്ങി ആഗസ്റ്റ് 13ന് ലോകകപ്പ് കൗണ്ട് ഡൗൺ 100 തികയുന്ന ദിനത്തിൽ അവസാനിക്കാനിരിക്കുന്ന വളന്റിയർ റിക്രൂട്ട്മെന്റ് സെന്ററിലേക്ക് കഴിഞ്ഞ ദിവസമായിരുന്നു 'ഗൾഫ് മാധ്യമ'ത്തിന് മീഡിയ ടൂർ അനുവദിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒഴുകിയെത്തുന്ന 12 ലക്ഷത്തോളം കാണികളും സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ള കളിക്കാരും ഒഫീഷ്യലുകളുമായി ലോകകപ്പ് വേളയിൽ ഖത്തർ ഉത്സവപ്പറമ്പായി മാറുമ്പോൾ കടിഞ്ഞാൺ സന്നദ്ധ സേവനത്തിനായി നിയോഗിക്കപ്പെട്ട 20,000 വരുന്ന വളന്റിയർമാരിലാവും. സ്റ്റേഡിയങ്ങളുടെ അകവും പുറവും വിമാനത്താവളങ്ങൾ, മെട്രോ-ബസ് സ്റ്റേഷനുകൾ, ഫാൻ സോണുകൾ തുടങ്ങി ഖത്തറിന്റെ ഓരോ കോണിലും സജീവമാകുന്ന വളന്റിയർമാർ. അവരുടെ തിരഞ്ഞെടുപ്പിനാണ് ദോഹ എക്സിബിഷൻ സെന്റർ വേദിയാവുന്നത്.
മേയ് 13ന് തുടക്കംകുറിച്ച എക്സിബിഷൻ സെന്ററിലെ ക്യാമ്പ് മൂന്ന് മാസം പിന്നിടുമ്പോൾ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ്. ദിവസവും രാവിലെ 8.45നാണ് അഭിമുഖങ്ങളുടെ തുടക്കം. അതിനും മുമ്പേ വളന്റിയർ അഭിമുഖത്തിന് നേതൃത്വം നൽകുന്ന ഫിഫ പയനിയർ വളന്റിയർമാരും ജീവനക്കാരും ഇവിടെയെത്തും. വളന്റിയർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ ഓൺലൈൻവഴി ലഭിക്കുന്ന അറിയിപ്പിന് അനുസരിച്ചാണ് അഭിമുഖത്തിനെത്തുന്നത്. സുരക്ഷാപരിശോധന കഴിഞ്ഞ് സെന്ററിലേക്ക് പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നത് സൗഹൃദവും ഊഷ്മളവുമായ അന്തരീക്ഷം. അവരെ നയിക്കാനും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുമെല്ലാം സ്വയംസന്നദ്ധരായ വളന്റിയർമാരുണ്ട്. രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ് എത്തുന്നവരെ കാത്തിരിക്കുന്നത് ഒരു ഫുട്ബാൾ പോരാട്ടവേദിയിലേക്ക് പ്രവേശിക്കുന്ന അന്തരീക്ഷം. ലോകകപ്പ് മത്സരദൃശ്യങ്ങളും ശബ്ദവുമായി ഒരുക്കിയ ചെറു തുരങ്കപാതയും കടന്ന് മുന്നോട്ടുനീങ്ങിയാൽ കാത്തിരിക്കുന്നത് ഒറിജനൽ എന്ന് തോന്നിപ്പിക്കുന്ന ലോകകപ്പ് ട്രോഫി.
അടിമുടി ഫുട്ബാൾ മൈതാനത്തെ അനുസ്മരിപ്പിക്കുന്ന ക്രമീകരണങ്ങളാണ് അഭിമുഖകേന്ദ്രം നിറയെ. ബാച്ചുകളായി പ്രവേശിപ്പിക്കുന്ന അപേക്ഷകർക്ക് കളിക്കളത്തിലിറങ്ങിയ അനുഭവം സമ്മാനിച്ചുകൊണ്ടാണ് അഭിമുഖങ്ങളുടെ തുടക്കം. എട്ടും പത്തും പേരുടെ ടീമായി തിരിച്ച് ആദ്യമൊരു ഫൺ ഗെയിം. ലോകകപ്പ് ഭാഗ്യമുദ്രയും ലോഗോയും പതിച്ച പസ്ൽ ഗെയിം വേഗത്തിൽ പൂർത്തിയാക്കുന്നതോടെ ടെൻഷനും ആശങ്കയുമെല്ലാം മാറി അഭിമുഖത്തിലേക്ക്. ശേഷം, ഫോട്ടോയെടുക്കാാനും മറ്റുമായി സൗകര്യങ്ങളൊരുക്കി ചെറിയൊരു ഇടവേള. അതു കഴിഞ്ഞ് അഭിമുഖത്തോടെ നടപടികൾ പൂർണമാകുന്നു. ഫിഫ വേദികളിൽ പരിചയസമ്പന്നരായ പയനിയർ വളന്റിയർമാരാണ് അഭിമുഖം നടത്തുന്നത്.
വ്യക്തിഗത വിവരങ്ങൾ ചോദിച്ചും പരിചയങ്ങൾ മനസ്സിലാക്കിയും തൊഴിൽമേഖലകളെ കുറിച്ചുമെല്ലാമുള്ള സംസാരത്തിലൂടെ അപേക്ഷകന്റെ വിശദാംശങ്ങൾ ലഭ്യമാക്കുന്നു. പരിചയവും പ്രാപ്തിയും നോക്കി പിന്നീടാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡ്യൂട്ടി നിശ്ചയിക്കുന്നത്. നടപടികൾ പൂർത്തിയാക്കിയാൽ ഫിഫയുടെ ചെറു ഉപഹാരം സമ്മാനിച്ച് ആശംസകൾ നേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകുന്നതോടെ നടപടികൾ പൂർത്തിയായി.
അഭിമുഖത്തിനെത്തുന്നവരുടെ പൊതുവിഞ്ജാനവും മറ്റുമൊന്നും തിരഞ്ഞെടുപ്പിൽ മാനദണ്ഡമാവുന്നില്ലെന്ന് പയനിയർ വളന്റിയർ അംഗമായ കണ്ണൂർ സ്വദേശി സ്റ്റാലിൻ പറയുന്നു.
എങ്ങനെയാണ് വളന്റിയറിങ്ങിനെ കാണുന്നത്, എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത്, എന്തുകൊണ്ടാണ് വളന്റിയറിങ്ങിന് അപേക്ഷിച്ചത് തുടങ്ങിയ ലളിതമായ ചോദ്യങ്ങളിലൂടെയാണ് അഭിമുഖം നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
500ഓളം പേരാണ് ഓരോ ദിവസവും വളന്റിയർ അഭിമുഖ നടപടികൾക്ക് മേൽനോട്ടംവഹിക്കാനായി ഇവിടെയുള്ളത്. പ്രതിദിനം 1000 മുതൽ 1200 പേരെ വരെ അഭിമുഖം നടത്തുന്നു. ഖത്തറിലുള്ളവർ നേരിട്ടെത്തി പങ്കെടുക്കുമ്പോൾ വിദേശങ്ങളിലുള്ളവർ സമയം ബുക് ചെയ്ത് ഓൺലൈൻ വഴിയാണ് ചേരുന്നത്. ലോകകപ്പിന് ആവശ്യമായ 20,0000 വളന്റിയർമാരിൽനിന്ന് 15,000 പേരെ ഖത്തറിൽനിന്നുതന്നെ തിരഞ്ഞെടുക്കാനാണ് ഫിഫയുടെ തീരുമാനം. 5000 പേർ ഇന്റർനാഷനൽ വളന്റിയർമാരാവും. ആവശ്യമായ മുഴുവൻ വളന്റിയർമാരെയും ഖത്തറിൽനിന്നുതന്നെയാണ് തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.