ദോഹ: സമാധാനം സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളിൽ യുവാക്കളുടെ പങ്ക് നിർണായകമാണെന്നും സമാധാനത്തിലേക്കുള്ള എല്ലാ ഘട്ടങ്ങളിലും യുവാക്കളുടെ പങ്കാളിത്തം ഖത്തർ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി.
സമാധാന സംസ്ഥാപന ശ്രമങ്ങളിലും സംഘർഷം തടയുന്നതിലും യുവാക്കളുടെ ശാക്തീകരണം ഉയർത്തിക്കൊണ്ടുവരുന്നതിനായി യു.എൻ സുസ്ഥിരവികസന ഉപദേഷ്ടാവും എജുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) ചെയർപേഴ്സനുമായ ശൈഖ മൗസ ബിൻത് നാസറിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയാണെന്നും ഈ രംഗത്ത് ഇ.എ.എയുടെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. യൂത്ത് ഇൻക്ലൂസിവ് പീസ് പ്രോസസ് എന്ന പ്രമേയത്തിൽ ജനുവരി 19 മുതൽ 21 വരെ നടന്ന ആഗോള ഉന്നതതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാധാനശ്രമങ്ങളുടെ എല്ലാ ഘട്ടങ്ങളിലും യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും കായിക, യുവജനകാര്യ മന്ത്രാലയത്തിന് പ്രഥമ യുവജനകാര്യ സ്ട്രാറ്റജി രൂപവത്കരിക്കുന്നതിന് യുവജനകാര്യ വിഭാഗം പ്രത്യേകം നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് 2019ൽ ഹെൽസിങ്കിയിൽ പ്രഥമ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിച്ചുവെന്നും സമാധാനശ്രമങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം സംബന്ധിച്ച് പ്രഥമ ആഗോളനയം സിമ്പോസിയത്തിൽ അവതരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള യുവജന, സമാധാന, സുരക്ഷ അജണ്ട രൂപവത്കരിക്കുന്നതിൽ സംയുക്ത രാഷ്ട്രീയ പ്രതിബദ്ധതയിലേക്ക് ഈ സമ്മേളനം വളിതെളിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.