റിയാദ്: മൂന്നര പതിറ്റാണ്ട് മൂപ്പെത്തിയ പ്രവാസം അവസാനിപ്പിക്കുേമ്പാൾ ആ അച്ഛനും അമ്മക്കും ബാക്കി തങ്ങളുടെ ഏക മകനെക്കുറിച്ചുള്ള ഒാർമകൾ മാത്രം. പഠിക്കാനയച്ച കോളജിലെ നീന്തൽക്കുളത്തിൽ അസ്തമിച്ച ജസ്റ്റിൻ എന്ന മകൻ. നീന്തൽ താരമായ അവൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ദുരൂഹതയുടെ ചുരുളഴിക്കാൻ ഇന്ത്യൻ നീതിന്യായ വഴികളിൽ ഒരു വ്യാഴവട്ടക്കാലമായി നിയമപോരാട്ടം നടത്തുന്ന ആലുവ സൗത്ത് വാഴക്കുളം സ്വദേശി ജോൺ സേവ്യറും ഭാര്യ അന്ന ജോണും റിയാദിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നത് നിയമപോരാട്ടം തുടരാൻ തന്നെയാണ്. പക്ഷേ, നീതികിട്ടുമെന്ന പ്രതീക്ഷ തരിമ്പുമില്ല. എങ്കിലും, അവസാനനിമിഷം വരെയും പോരാടും. അത് മകൻെറ ആത്മാവിനോട് ചെയ്ത പ്രതിജ്ഞയാണെന്ന് ജോൺ പറയുന്നു.
പ്രായമേറിയെന്ന് വാർധക്യം തൊട്ടുണർത്തിയിട്ടും സൗദി അറേബ്യ വിടാൻ ഇപ്പോഴും പ്രയാസമാണ്. ആറ്റുനോറ്റുണ്ടായ പൊന്നോമന മകനെക്കുറിച്ചുള്ള നല്ല ഒാർമകളെല്ലാം ഇവിടെയാണ്. അവൻ പിറന്നുവീണത്, പിച്ചവെച്ചത്, പ്ലേസ്കൂളിൽ പോയത്, എട്ടാം ക്ലാസുവരെ പഠിച്ചത് എല്ലാം റിയാദിലാണ്. ചിറകുമുളച്ചപ്പോൾ പഠിക്കാൻ അയച്ച ജന്മനാട്ടിലാണ് ചതിപറ്റിയത്. ഇന്ത്യയെന്നാൽ ഇപ്പോൾ മകനെക്കുറിച്ചുള്ള വേദനയാണ്. എന്നാലും പിറന്ന നാട്ടിലേക്ക് മടങ്ങാതിരിക്കാനാവില്ലല്ലോ. എന്തിനെന്നറിയാതെ കൊല്ലപ്പെട്ട മകനെയോർത്ത് വേദനിച്ചു വേദനിച്ച് മരിച്ചുപോയ ഇൗച്ചരവാര്യരെ പോലൊരു അച്ഛനാണ് ജോൺ സേവ്യറും. തൻെറ മകനെ എന്താണ് നിങ്ങൾ ചെയ്തതെന്ന് ഇൗച്ചരവാര്യർ ചോദിച്ചതുപോലെ നീന്തൽ താരമായ എൻെറ മകൻ നീന്തൽക്കുളത്തിൽ മുങ്ങിമരിക്കുന്നതെങ്ങനെ എന്നാണ് കഴിഞ്ഞ 12 വർഷമായി ജോൺ സേവ്യറും ഇന്ത്യൻ നീതിപീഠത്തോട് ചോദിച്ചുകൊണ്ടിരിക്കുന്നത്.
ഡൽഹി നോയ്ഡയിലെ അമിറ്റി ഡീംഡ് യൂനിവേഴ്സിറ്റിയിൽ ആദ്യവർഷ ഏയ്റോസ്പേസ് എൻജിനീയറിങ് വിദ്യാർഥിയായിരിക്കെ ജസ്റ്റിനെ 2009 സെപ്റ്റംബർ മൂന്നിനാണ് കാമ്പസിലെ നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടത്. അന്ന് 18 വയസ്സുണ്ടായിരുന്ന ജസ്റ്റിൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, നീന്തൽ മത്സരങ്ങളിലെ ചാമ്പ്യനും ആറടി ഉയരവുമുള്ള മകൻ വെറും അഞ്ചടി മാത്രം ആഴമുള്ള നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയാഞ്ഞതിനാൽ പിതാവ് ജോൺ സേവ്യർ ദുരൂഹതയാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സി.ബി.െഎ പ്രത്യേക കോടതി, കേരള ഹൈകോടതി എന്നിവയുടെ സഹായത്തോടെ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചു. കേരളത്തിൽ കൊണ്ടുവന്ന് സംസ്കരിച്ച മൃതദേഹം തിരിച്ചെടുത്ത് രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തുകയും കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ച് സി.ബി.െഎ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. സീനിയർ വിദ്യാർഥികളെ പ്രതികളാക്കി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. അന്വേഷണവും കേസും തുടരുന്നുണ്ടെങ്കിലും പുരോഗതിയൊന്നുമുണ്ടായിട്ടില്ല. അന്വേഷണ ഏജൻസിയും മറ്റും വേണ്ടത്ര താൽപര്യം കാട്ടുന്നില്ല എന്നതുതന്നെയാണ് കാരണം.
കഴിഞ്ഞ 12 വർഷത്തെ ജോൺ സേവ്യറിൻെറയും ഭാര്യയുടെയും വരുമാനവും അധ്വാനവുമെല്ലാം ഇൗ അന്വേഷണവഴിയിൽ ചെലവഴിച്ചു. നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന തീരുമാനത്തിലാണ് ഇരുവരും. റിയാദിലെ അദൗലിയ യൂനിവേഴ്സൽ കമ്പനിയിൽ ലോജിസ്റ്റിക് മാനേജർ പദവിയിൽനിന്ന് സ്വന്തം ഇഷ്ടപ്രകാരം വിരമിച്ചാണ് ജോൺ നാട്ടിലേക്ക് മടങ്ങുന്നത്. റിയാദ് കിങ് സഈദ് മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നഴ്സായിരുന്നു അന്ന ജോൺ. അഞ്ചുവർഷം മുമ്പ് ജോലി രാജിവെച്ചു. ഇരുവരും വ്യാഴാഴ്ച കേരളത്തിലേക്ക് തിരിക്കും. മകൻെറ ഘാതകരെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കാൻ നിയമപോരാട്ടം തുടരുേമ്പാൾ തന്നെ മകൻെറ പേരിൽ ചാരിറ്റി പ്രവർത്തനങ്ങളും നടത്തിവരുകയാണ്. മകൻെറ ഒാർമകൾ നിറച്ച ഒരു വെബ്സൈറ്റ് (www.justinjohn.com) ആരംഭിച്ച് മകനെപ്പോലെ ലാളിച്ച് പരിപാലിക്കുന്നു. നാട്ടിലെ ഇനിയുള്ള ജീവിതകാലം നിയമപോരാട്ടത്തിനും മകൻെറ പേരിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി മാറ്റിവെക്കുകയാണെന്ന് ജോൺ സേവ്യർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.