റിയാദ്: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ 700ഓളം കമ്പനികളുടെ പവിലിയനും 400ലധികം പ്രസംഗകരും പങ്കെടുക്കുന്ന 'ലീപ് 2022'ന് റിയാദിൽ ചൊവ്വാഴ്ച തുടക്കമായി. വിവര-സാങ്കേതിക വിദ്യയുടെ പുതിയ യുഗം പരിചയപ്പെടുത്തുന്നതാണ് മേള. മൂന്നു ദിവസം നീളുന്ന പരിപാടി വ്യാഴാഴ്ച സമാപിക്കും. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽനിന്നും ഒപ്പം വിദേശത്തുനിന്നുമായി ആയിരക്കണക്കിന് സംരംഭകരും വിദഗ്ധരുമാണ് ലീപ്പിൽ പങ്കെടുക്കാൻ റിയാദിലെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ്, ഒറാക്കിൾ, വാവെയ്, എറിക്സൺ ഉൾപ്പെടെയുള്ള നൂറുകണക്കിന് ബഹുരാഷ്ട്ര കമ്പനികളും സൗദി അരാംകോ, സൗദി ടെലികോം ഉൾപ്പെടെ രാജ്യത്തെ പ്രമുഖ കമ്പനികളും മന്ത്രാലയങ്ങളും അവരുടെ പദ്ധതികളും ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പരിചയപ്പെടുത്തൽ സ്റ്റാളുകളുമായി മേളയിലുണ്ട്.
ആരോഗ്യ രംഗത്തും സാമ്പത്തിക ഇടപാട് മേഖലയിലും ഉപയോഗിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും മേളയിൽ പ്രധാനമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സോഫ്റ്റ് വെയർ നിർമിച്ചുനൽകുന്നതിന് ലോകോത്തര നിലവാരമുള്ള സോഫ്റ്റ്വെയർ കമ്പനികളും എൻജിനീയർമാരും പവിലിയനിലുണ്ട്. ഈ മേഖലയിൽ സംരംഭകരാകാനും അവസരം നൽകുന്നുണ്ട്. നൂറുകണക്കിന് സംരംഭകർ മാത്രം മേളയിൽ പങ്കെടുക്കുന്നുണ്ട്. എണ്ണയിതര വരുമാനം വർധിപ്പിക്കുക ലക്ഷ്യംവെച്ചുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 പദ്ധതിയുടെ ഭാഗം കൂടിയാണിത്.
വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളിലെ ജീവനക്കാരും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഐ.ടി രംഗത്തുള്ള വിദ്യാർഥികൾ മേള റിയാദിൽ നടക്കുന്നത് വലിയ അനുഗ്രഹമായാണ് കാണുന്നത്. ലോകത്തിലെ പ്രമുഖ ഐ.ടി വിദഗ്ധരെയും സ്ഥാപനങ്ങളെയും പരിചയപ്പെടാനും അതുവഴി സംരംഭകരാകാനും തൊഴിൽ നേടാനും ഇതൊരു സുവർണാവസരമാണെന്ന് അവർ പറയുന്നു. റിയാദ് ഫ്രണ്ട് എക്സിബിഷൻ ഹാളിലാണ് എക്സ്പോ. https://registration.gesevent.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് മേള സന്ദർശിക്കാൻ അവസരം. രജിസ്റ്റർ ചെയ്താൽ ഇ-മെയിലായി ലഭിക്കുന്ന ഇ-ബാഡ്ജ് എക്സിബിഷൻ ഹാളിനു പുറത്തുള്ള രജിസ്ട്രേഷൻ കൗണ്ടറിലെത്തി പ്രിന്റ് ചെയ്യാം. ബൂസ്റ്റർ ഡോസ് വാക്സിനെടുത്തവർക്കാണ് അകത്തേക്ക് പ്രവേശനം അനുവദിക്കുക. വ്യാഴാഴ്ച രാത്രി ഒമ്പതോടെ മേള അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.