ജിദ്ദ: സൗദി അറേബ്യയിൽ ബിനാമി ബിസിനസ് ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക് അഞ്ചുവർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമുണ്ടായിരിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള പുതിയ വ്യവസ്ഥകൾക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് സൗദി മന്ത്രി സഭ അംഗീകാരം നൽകിയത്. ബിനാമി ഉറവിടങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണിത്. ബിനാമി ഇടപാട് സംബന്ധിച്ച വിവരമറിയിക്കുന്നവരുടെ തിരിച്ചറിയൽ രേഖയും മറ്റ് വിവരങ്ങളും പരിരക്ഷിക്കുന്നതാണ് പുതിയ വ്യവസ്ഥ.
കേസ് ഫയലിൽ അതുൾപ്പെടുത്തുകയില്ല. കേസിൻെറ അന്തിമവിധി വന്നാൽ വിവരമറിയിച്ചവർക്ക് പിഴസംഖ്യയിൽനിന്ന് 30 ശതമാനം വരെ പ്രതിഫലം നൽകുന്നതാണ്. ബിനാമി കുറ്റകൃത്യ ഉറവിടങ്ങൾ ഇല്ലാതാക്കാൻ വേണ്ട കർശനമായ നടപടികളാണ് പുതിയ വ്യവസ്ഥയിലുള്ളത്. അന്തിമവിധിക്ക് ശേഷം കുറ്റം ചെയ്തവരുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്യും. വാണിജ്യ മന്ത്രാലയത്തിനൊപ്പം ബിനാമി ഇടപാടുകൾ പിടികൂടാൻ ബന്ധപ്പെട്ട മറ്റ് ഗവൺമൻെറ് വകുപ്പുകൾക്കും പുതിയ വ്യവസ്ഥ പ്രകാരം സാധിക്കുന്നതാണ്.
സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ലൈസൻസുകൾ നൽകുന്ന ഒരോ വകുപ്പുകളും ആ സ്ഥാപനത്തിൻെറ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. ബിനാമി ഇടപാട് നടത്തുന്നതായി സംശയമുണ്ടെങ്കിൽ അക്കാര്യം മന്ത്രാലയത്തെ അറിയിക്കണം. ബിനാമി കുറ്റകൃത്യങ്ങളും ലംഘനങ്ങളും തെളിയിക്കാൻ മറ്റ് രീതികൾക്ക് പുറമെ സാേങ്കതിക വിദ്യകൾ ഉപയോഗിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് പുതിയ വ്യവസ്ഥയിൽ അധികാരം നൽകുന്നുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ബിനാമിയുടെ പ്രതികൂല ഫലങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് പുതിയ വ്യവസ്ഥയെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.