റിയാദ്: അപകടത്തിൽ പരിക്കേറ്റ് ശരീരം തളർന്ന് സൗദി അറേബ്യയിലെ രണ്ട് ആശുപത്രികളിലായി 10 മാസം കിടന്ന പശ്ചിമ ബംഗാൾ സ്വദേശിയെ നാട്ടിലെത്തിച്ചു. കൊൽക്കത്ത ബിർഭം നാനൂർ സ്വദേശിയായ മുനീറുദ്ദീൻ എന്ന 27കാരന് കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു വാഹനാപകടത്തിലാണ് ഗുരുതര പരിക്കേറ്റത്.
റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ശഖ്റയിലെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ ഇയാളുടെ ഒരു വശം പൂർണമായും തളർന്നുപോയി. മുഖത്തെയും കൈകാലുകളിലെയും അസ്ഥികൾ പൊട്ടി. അവിടെ ആശുപത്രിയിൽ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ വിദഗ്ധ ചികിത്സക്കായി റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിലെത്തിച്ചു. അഞ്ചുമാസം ഇവിടെ ചികിത്സയിൽ കഴിഞ്ഞു. എന്നാൽ കിടക്കയില്ലാത്തതിനാൽ തിരികെ ശഖ്റ ജനറൽ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകേണ്ടിവന്നു. അവിടെയും അഞ്ചുമാസം കൂടി കിടന്നു.
ഇതിനിടയിൽ യുവാവിനെ നാട്ടിലെത്തിക്കാൻ വീട്ടുകാർ എല്ലാ ശ്രമവും നടത്തുന്നുണ്ടായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം നൽകി. ഇരു ഓഫീസുകളിൽനിന്നും റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് കത്തുവന്നു. നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാനായിരുന്നു നിർദേശം. എംബസി ചുമതലപെടുത്തിയതിനെ തുടർന്ന് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ശഖ്റയിലെത്തുകയും സ്ഥിതിഗതികൾ മനസിലാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. യുവാവ് ജോലി ചെയ്തിരുന്ന കമ്പനിയുടെ റിയാദിലുള്ള ആസ്ഥാനത്ത് പോയി അധികൃതരുമായി സംസാരിച്ചു. അവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വിമാനത്തിൽ ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കി നാട്ടിലെത്തിക്കാനുള്ള ചുമതല ദുബൈ ആസ്ഥാനമായ ബ്ലു ഡോട്ട് എന്ന നഴ്സിങ് കമ്പനി ഏറ്റെടുത്തു.
കമ്പനി സി.ഇ.ഒ നിജിൽ ഇബ്രാഹിം റിയാദിലെത്തി ശിഹാബിനൊപ്പം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. യാത്രയിൽ പരിചരണത്തിന് നഴ്സും ഓക്സിജനും മറ്റ് വൈദ്യ പരിചരണവും നൽകാനുള്ള സംവിധാനവും സ്ട്രെച്ചർ സൗകര്യവുമൊരുക്കി രോഗിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പ് നടത്തി. എന്നാൽ കൊൽക്കത്തയിലേക്ക് റിയാദിൽനിന്ന് നേരിട്ടുള്ള വിമാന സർവിസിെൻറ കുറവ് യാത്ര നീളാനിടയാക്കി. ഒടുവിൽ എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ സൗകര്യമൊരുങ്ങി.
കഴിഞ്ഞദിവസം ദുബൈ വഴി കൊൽക്കത്തയിൽ എത്തിച്ചു. ആവശ്യമായ പരിചരണവുമായി മലയാളിയായ മെയിൽ നഴ്സ് ലിജോ വിമാനത്തിൽ ഒപ്പം സഞ്ചരിച്ചു. ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകി. നഴ്സുമാരായ ശോശാമ്മ, അമല, നിമ, ശോഭ എന്നിവരും ഫിറോസ്, സുനിൽ എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിങ് കോൺസുലർ എം.ആർ. സജീവ്, സഹ ഉദ്യോഗസ്ഥൻ അർജുൻ സിങ് എന്നിവരും ആവശ്യമായ എല്ലാ സഹായവും നൽകിയതായി ശിഹാബ് കൊട്ടുകാട് അറിയിച്ചു. എസ്.കെ. നിജാമുദ്ദീനാണ് പിതാവ്. മറിയം ബീഗമാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.