ദമ്മാം: സൗദി ചലച്ചിത്രോത്സവത്തിന്റെ പത്താം പതിപ്പ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറിൽ ‘ഇത്ര’യിൽ മേയ് രണ്ട് മുതൽ ഒമ്പത് വരെ നടക്കും. സയൻസ് ഫിക്ഷൻ സിനിമകളാണ് ഇത്തവണ ഫെസ്റ്റിവലിന്റെ പ്രധാന പ്രമേയമാകുന്നത്. ഒപ്പം ഇന്ത്യൻ സിനിമകൾക്ക് പ്രത്യേക പരിഗണന നൽകും. സൗദി സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചതിനുശേഷം ചലച്ചിത്ര കമീഷന്റെ അനുമതിയോടെ അരങ്ങേറുന്ന മൂന്നാമത്തെ ചലച്ചിത്രോത്സവമാണിത്. സൗദിയെ ലോകസിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമ കൂടി ഇത്തവണത്തെ ചലച്ചിത്രോത്സവത്തിൽ പ്രകടമാകും. ഗൾഫ് സഹകരണ കൗൺസിലിന്റെ സഹകരണം ചലച്ചിത്ര മേളയെ കൂടുതൽ ജനകീയമാക്കുമെന്നും ഗൾഫ് രാജ്യങ്ങളിൽ സിനിമ അതിവേഗം വളരുകയാണെന്നും ഫെസ്റ്റിവൽ ഡയറക്ടർ അഹ്മദ് അൽ മുല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദശകത്തിനുള്ളിൽ സൗദി സിനിമ ഒരുപാട് മുന്നോട്ടു പോവുകയും ഓരോ വർഷം കഴിയുന്തോറും സൗദി ഫിലിം ഫെസ്റ്റിവലിന്റെ പ്രാധാന്യവും ജനപ്രീതിയും വർധിച്ചു വരുന്നതായും ഫെസ്റ്റിവൽ വൈസ് പ്രസിഡന്റ് മൻസൂർ അൽ-ബദ്രാൻ പറഞ്ഞു. തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, സൗദി ഫിലിം ഫെസ്റ്റിവൽ സാംസ്കാരിക വിനിമയത്തിനും ഉണർവിനുമുള്ള ഒരു ഇടമായി മാറാനുള്ള വഴി നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിപാടികൾക്കും അനുഭവങ്ങൾക്കും വേണ്ടി അതിർത്തിക്കപ്പുറത്ത് ചലച്ചിത്രോത്സവം വിവിധ അനുഭവങ്ങൾ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ‘സ്പോട്ട്ലൈറ്റ് ഓൺ ഇന്ത്യൻ സിനിമ’ പ്രോഗ്രാമിൽ ബോളിവുഡിന് പുറത്തുള്ള സ്വതന്ത്ര ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. കുട്ടികൾക്കായുള്ള പരിപാടികൾക്കൊപ്പം പ്രായോഗിക ശിൽപശാലകളും സാംസ്കാരിക സെമിനാറുകളും നടക്കും. സിനിമ, തിരക്കഥ, പ്രൊഡക്ഷൻ മാർക്കറ്റ് പ്രോജക്ടുകൾ തുടങ്ങി മൂന്ന് വിഭാഗങ്ങളിലായി 37 അവാർഡുകളാണ് ഇത്തവണ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നൽകുന്നത്. ചലച്ചിത്ര, തിരക്കഥ എൻട്രികൾ മേളയുടെ സാങ്കേതിക സമിതി മുഖേന നാമനിർദേശം ചെയ്യപ്പെടും. പരിസ്ഥിതിയെക്കുറിച്ചുള്ള മികച്ച സൗദി ഡോക്യുമെന്ററിയെയും മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനെയും ഇത്തവണ ഗോൾഡൻ പാം അവാർഡുകളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ‘ഹജ്ജാൻ’ ജനപ്രിയ സിനിമയിൽ അഭിനയിച്ച സൗദി നടൻ അബ്ദുൽ മൊഹ്സെൻ അൽ-നെമർ, സിറിയൻ സംവിധായകൻ മുഹമ്മദ് മലാസ് എന്നിവരെ ഈ വർഷം ഫെസ്റ്റിവലിൽ ആദരിക്കും. സിനിമ അസോസിയേഷന്റെ അഡ്മിനിസ്ട്രേറ്റിവ് ആസ്ഥാനമായി പ്രവർത്തിക്കാൻ ‘അൽഖോബാർ സിനിമാതേക്’ ആരംഭിക്കും, കൂടാതെ ഫെസ്റ്റിവലിന്റെ മുഴുവൻ സമയത്തും നഗരത്തിലുടനീളമുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഡിന്നർ പാർട്ടികളും ക്യുറേറ്റഡ് കച്ചേരികളും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.