റിയാദ്: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷ ചട്ടങ്ങളും ലംഘിച്ച 13,511 പേരെ അറസ്റ്റ് ചെയ്തു. ജൂൺ 23 മുതൽ 29 വരെയുള്ള കാലയളവിൽ സുരക്ഷസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. പിടിയിലായവരിൽ 8073 താമസ നിയമലംഘകരും 3368 അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ചവരും 2070ലേറെ തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 214 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 57 ശതമാനം യമനികളും 31 ശതമാനം ഇത്യോപ്യക്കാരും 12 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് അഭയം നൽകിയ 18 പേരെയും സുരക്ഷ സേന അറസ്റ്റ് ചെയ്തു.
മൊത്തം 68,402 പേർ നിയമനടപടികൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 64,934 പുരുഷന്മാരും 3,468 സ്ത്രീകളുമാണ്. 55,740 നിയമലംഘകരെ യാത്രരേഖകൾ ലഭിക്കുന്നതിനും അവരുടെ വിമാന ടിക്കറ്റ് നടപടികൾക്കുമായി അവരുടെ നയതന്ത്ര ഓഫിസുകളിലേക്ക് റഫർ ചെയ്തു. 12,607 നിയമലംഘകരെ നാടുകടത്തി. അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ മറ്റെന്തെങ്കിലും സഹായമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴ കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും. സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.