മക്ക: റമദാൻ ആരംഭിച്ചതിനുശേഷം മസ്ജിദുൽ ഹറാം അണുമുക്തമാക്കാൻ 1.4 ദശ ലക്ഷം ലിറ്റർ അണുനാശിനി ഉപയോഗിച്ചതായി ഇരു ഹറം കാര്യാലയ വകുപ്പ് അറിയിച്ചു. റമദാനിലെ 20 നാൾ പിന്നിട്ടപ്പോഴുള്ള കണക്കാണിത്. കോവിഡിനെ പ്രതിരോധിക്കുന്നതിൻെറ ഭാഗമായി ദിനംപ്രതി 70,000 ലിറ്ററിലധികം അണുനാശിനി ഉപയോഗിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഹറമിലെത്തുന്ന ഉംറ തീർഥാടകരുടെയും ആരാധകരുടെയും ആരോഗ്യസുരക്ഷ മുൻനിർത്തി കാർപറ്റ് വിരിക്കാത്ത ഭാഗങ്ങൾ നാലു തവണ കഴുകി അണുമുക്തമാക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താനും പ്രത്യേക സുരക്ഷ വിഭാഗങ്ങളെ ഹറമിലെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
ഹറമിലെ വിവിധ ഭാഗങ്ങളിലുള്ള 13,500 കാർപറ്റുകൾ വിരിച്ച ഭാഗങ്ങളും അണുമുക്തമാക്കുന്നുണ്ട്. വൃത്തിയാക്കിയ ശേഷം കാർപറ്റുകളിൽ സുഗന്ധം തളിക്കുന്ന രീതിയും നടപ്പിലാക്കുന്നുണ്ട്. ഹറമിലെത്തുന്നവർക്കായി ഉപയോഗിക്കാൻ 1,500 ലിറ്റർ സാനിറ്റൈസിങ് പെർഫ്യൂമുകളും ദിവസവും ഉപയോഗിക്കുന്നതായി വകുപ്പു വക്താക്കൾ പറഞ്ഞു.
പള്ളി വൃത്തിയാക്കാനും അണുനശീകരണത്തിനും ഏറ്റവും മികവാർന്ന സാങ്കേതിക ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ഹറം പ്രദേശത്തുള്ള 3000ത്തിലധികം വരുന്ന മാലിന്യക്കൊട്ടകളും മറ്റും ദിവസവും പല തവണ വൃത്തിയാക്കുന്നുണ്ട്.പരിചയ സമ്പന്നരായ ജീവനക്കാരാണ് ഹറം കഴുകി വൃത്തിയാക്കാൻ രംഗത്തുള്ളത്. ഓരോ ദിവസവും 200 സൂപ്പർവൈസർമാരും 4000 ശുചിത്വ തൊഴിലാളികളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കുറ്റമറ്റ രീതിയിൽ ഹറം ശുചീകരണ ദൗത്യം പൂർത്തിയാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.