ജിദ്ദ: നിർമാണത്തിലിരിക്കുന്ന ഏകദേശം 1,705 പുതിയ ഫാക്ടറികൾ ഈ വർഷം ഉൽപാദനത്തിലേക്കു വരുമെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി അൽബദർ ഫൗദ പറഞ്ഞു. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ൽ 77,000 തൊഴിലവസരങ്ങൾ ഉണ്ടായപ്പോൾ 2022ൽ വ്യവസായിക മേഖലയിൽ 52,000 തൊഴിലവസരങ്ങളെ ഉണ്ടായുള്ളൂ.
ഇത് ഒരു നെഗറ്റിവ് സൂചകമല്ല. മറിച്ച്, ‘ഫ്യൂച്ചർ ഫാക്ടറികൾ’ എന്ന പദ്ധതിയുടെ ഫലങ്ങളുടെ നല്ല സൂചനകളാണ് ഇതു നൽകുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ള ജോലികൾ മാറ്റിസ്ഥാപിക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും ഇതു ലക്ഷ്യമിടുന്നുവെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
നിരവധി ഫാക്ടറികൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഓട്ടോമേഷൻ വഴി കുറഞ്ഞ വേതനമുള്ള ജോലികൾ ഇല്ലാതാക്കുമെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖല സംഭാവന ചെയ്യുന്ന അഭ്യസ്ത വിദ്യരുടെ എണ്ണത്തിന് ആനുപാതികമായ ഗുണപരമായ ജോലികൾ സൃഷ്ടിക്കുന്നതിന് ഇടയാകുമെന്നും പ്രതീക്ഷിക്കുന്നു.
വ്യവസായിക മേഖലയിലെ ജോലികളിൽ ഭൂരിപക്ഷവും ലേബർ ജോലികളാണ്. ആ അവസ്ഥക്ക് മാറ്റംവരുത്തി വിദ്യാഭ്യാസ ഫലങ്ങൾക്ക് അനുസൃതമായ സാങ്കേതികവും എൻജിനീയറിങ്ങും ഭരണപരവുമായ ജോലികൾ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നെതന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
സൗദി വ്യവസായ മന്ത്രാലയം 2021 ഒക്ടോബറിലാണ് ‘ഫ്യൂച്ചർ ഫാക്ടറികൾ’ എന്ന സംരംഭം ആരംഭിച്ചത്. ഇത് അഞ്ചു വർഷം നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്. വ്യവസായിക മേഖല ധാരാളം കുറഞ്ഞ വേതനവുമായ തൊഴിലാളികളെ ആശ്രയിക്കുന്നതിൽനിന്ന് ഗുണനിലവാരമുള്ള ജോലികൾ സൃഷ്ടിക്കുന്നതിലേക്ക് മാറ്റാൻ ഇതു ലക്ഷ്യമിടുന്നു. ഓട്ടോമേഷനെയും കാര്യക്ഷമമായ ഉൽപാദനത്തെയും ആശ്രയിച്ച് ഫാക്ടറി കൂടുതൽ മത്സരാധിഷ്ഠിതമായി മാറാനുമാണ് ഉദ്ദേശിക്കുന്നെതന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.