സുലൈമാൻ വിഴിഞ്ഞം
റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി റിയാദിലെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരിൽ നിന്നും 18 മലയാളികളെ നാട്ടിലേക്ക് അയച്ചു. ആഗസ്റ്റ് നാലിനാണ് റിയാദിലെ വിവിധ പ്രദേശങ്ങളിൽനിന്നും സൗദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്) പരിശോധനയിലാണ് ഇവർ പിടിയിലായത്. നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം റിയാദിൽനിന്ന് ഡൽഹിലേക്ക് ഇവരെ കയറ്റിവിടുകയായിരുന്നു.
ഇവരെ പിടിക്കപ്പെട്ടത് മുതൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും കെ.എം.സി.സി പ്രവർത്തകരും നടപടികളുമായി മുന്നിൽ ഉണ്ടായിരുന്നു.
ഇവരെ പിടിക്കപ്പെട്ട അന്നുതന്നെ സ്പോൺസർമാരുമായും സുഹൃത്തുക്കളുമായും സിദ്ദിഖ് തുവൂർ അടങ്ങുന്ന കെ.എം.സി.സി വെൽഫെയർ വിങ് ടീം ബന്ധപ്പെടുകയും എംബസിയെ വിഷയം ധരിപ്പിക്കുകയുമായിരുന്നു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിദേശകാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുകയും നടപടിക്രമങ്ങൾ പുരോഗമിക്കുകയും ഇവരെ വേഗത്തിൽ നാട്ടിലേക്ക് അയക്കാനുള്ള കടലാസ് ജോലികൾ നടത്തുകയുമായിരുന്നു. ഇതിനിടയിൽ ഇവരിൽ ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. 22ാം തീയതി റിയാദിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവെയ്സ് വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ തരപ്പെടുത്തിയ കെ.എം.സി.സി പ്രവർത്തകർക്ക് ചില സുരക്ഷാ കാരണങ്ങളാൽ ഇവരെ നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് ഭീമമായ സാമ്പത്തിക നഷ്ടത്തിന് കാരണമായതായി സിദ്ദിഖ് തുവൂർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഒടുവിൽ കഴിഞ്ഞദിവസം റിയാദിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഇവരെ നാട്ടിലേക്ക് അയച്ചു.
ഡൽഹിയിൽനിന്ന് കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളത്തിലേക്ക് ഇവരെ എത്തിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. ഇവരുടെ യാത്രാനടപടികൾ വേഗത്തിലാക്കുന്നതിന് പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുൽ വഹാബ്, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർക്ക് കെ.എം.സി.സി നിവേദനം നൽകിയിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സി.പി. മുസ്തഫ, ഷാഹിദ്, സിദ്ദിഖ് തൂവൂർ, അബ്ദുൽ സമദ്, സുൽത്താൻ കാവന്നൂർ, ഉമർ അമാനത്ത്, ഫിറോസ് ഖാൻ കൊട്ടിയം, യൂസുഫ് പെരിന്തൽമണ്ണ, ജാബിർ, ഇർഷാദ് തുവൂർ, ദഖ്വാൻ, നേഹ മറിയം, ഡൽഹിയിൽനിന്ന് നിഷാദ്, ഹലീം (ഡൽഹി കെ.എം.സി.സി) എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.