യാംബുവിൽ നടന്ന പ്രഥമ മീഡിയവൺ സൂപ്പർ കപ്പ്‌ 2024 ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ അറാട് കോ കാർഫുഡ് എഫ്.സി സനയ്യ ടീം.

യാംബുവിലെ പ്രഥമ മീഡിയവൺ സൂപ്പർ കപ്പ്‌ 2024 ടൂർണമെന്റ്; അറാട്കോ കാർഫുഡ് എഫ്.സി സനയ്യ ജേതാക്കൾ

യാംബു: യാംബുവിലെ ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ മീഡിയവൺ പ്രഥമ സൂപ്പർ കപ്പ്‌ 2024 ഫുട്ബാൾ ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ അറാട്കോ കാർഫുഡ് എഫ്.സി സനയ്യ ജേതാക്കളായി. അൽ ജാം അൽ അറേബ്യാ ആർ.സി എഫ്.സി ടീം റണ്ണർ അപ്പ് ആയി. നേരത്തേ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിലായപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് അറാട്കോ കാർഫുഡ് എഫ്.സി സനയ്യ, ചെങ്കടൽ തീരത്തെ മീഡിയവൺ സൂപ്പർകപ്പ്‌ കിരീടം സ്വന്തമാക്കിയത്. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്‌സരത്തിൽ പ്രമുഖരായ എട്ട് ടീമുകളാണ് മാറ്റുരച്ചത്.

കേരളത്തിലെയും പ്രവാസ ലോകത്തെയും മികവുറ്റ കാൽപന്തുകളിക്കാരെ കളത്തിലിറക്കി ടീമുകൾ നടത്തിയ മുന്നേറ്റം യാംബുവിലെ ഫുട്ബാൾ ചരിത്രത്തിൽ പുതിയ അധ്യായം തീർത്തു. കുടുംബങ്ങളും കുട്ടികളും അടക്കം വമ്പിച്ച ജനാവലിയാണ് ആവേശക്കളി വീക്ഷിക്കാൻ രണ്ടു ദിനങ്ങളിലും എത്തിയത്. ഫൈനൽ മത്‌സരത്തോടനുബന്ധിച്ച് യാംബു അൽ മനാർ ഇന്റർനാഷനൽ സ്‌കൂൾ വിദ്യാർഥികളുടെ വിവിധ സംഘങ്ങൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ ഫുട്ബാൾ മാമാങ്കത്തിന് പൊലിമ നൽകി. യാംബു ആൻഡ് ജുബൈൽ റോയൽ കമീഷൻ കായിക വിഭാഗം മാനേജറും സൗദിയുടെ മുൻ ഒളിമ്പിക് ഫുട്ബാൾ ടീം ക്യാപ്റ്റനുമായ മാജിദി അബ്ദുല്ല അൽ അഹ്‌മദി ഫൈനൽ മത്‌സര ഉദ്‌ഘാടനം നിർവഹിച്ചു. ഇന്ത്യക്കാരുടെ വർധിച്ച ഫുട്ബാൾ കമ്പത്തിലും അതുവഴി ഉണ്ടാക്കാൻ കഴിയുന്ന സൗഹൃദവും ഏറെ അഭിനന്ദനാർഹമാണെന്നും യാംബു റോയൽ കമ്മീഷൻ അതോറിറ്റി എല്ലാവിധ പിന്തുണയും മീഡിയവൺ മത്‌സരത്തിന് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചപ്പോൾ വമ്പിച്ച കരഘോഷത്തോടെയാണ് ഫുട്ബാൾ പ്രേമികൾ എതിരേറ്റത്. യാംബുവിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, കായിക, ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും കളിക്കാരെ പരിചയപ്പെടുകയും ചെയ്തു. മീഡിയവൺ സൗദി ബ്യുറോ ചിഫ് അഫ്ത്താബുറഹ്മാൻ ചടങ്ങിൽ സ്വാഗതവും യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ് നന്ദിയും പറഞ്ഞു.

റണ്ണർഅപ്പ് ആയ അൽ ജാം അൽ അറേബ്യാ ആർ.സി എഫ്.സി ടീം

 

ഫൈനൽ മത്‌സരത്തിലെ മാൻ ഓഫ് ദ മാച്ച് ആയും ഏറ്റവും നല്ല ഗോൾ കീപ്പറായും തെരഞ്ഞെടുത്ത അംജദ്, ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുത്ത സുഹൈബ് (ഇരുവരും അറാട്കോ കാർഫുഡ് എഫ്.സി സനയ്യ), ബെസ്റ്റ് ഡിഫന്റർ ആയി തെരഞ്ഞെടുത്ത സെബാസ്റ്റ്യൻ പോൾ, ടൂർനമെന്റിലെ ടോപ് സ്‌കോറർ ആയി തെരഞ്ഞെടുത്ത റിൻഷിഫ് കൊല്ലത്തൊടി (ഇരുവരും അൽ ജാം അൽ അറേബ്യാ ആർ.സി എഫ്.സി) എന്നിവർക്ക് പ്രത്യേക ട്രോഫികൾ നൽകി. ഫെയർ പ്ലേ ടീം അവാർഡിന് ജീം.16 എഫ്.സി ടീം അർഹരായി. അറാട്കോ, റോയൽ പ്ലാസ, അറബ് ഡ്രീംസ്, ബിൻ ഖമീസ്, റീം അൽ ഔല, സമാ മെഡിക്കൽ, ക്ലിയർ വിഷൻ, ഫോർമുല അറേബ്യ, ന്യൂ ഇനിഷ്യേറ്റിവ്, ജീ മാർട്ട്, ചിക് സോൺ, റെയിൻബോ പ്ലാസ തുടങ്ങിയ യാംബുവിലെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികളും സമാപന ചടങ്ങിൽ പങ്കെടുത്തു. യാംബുവിലെ ഇന്റർ നാഷനൽ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരും വർണാഭമായ സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. ജേതാക്കളായ അറാട്കോ കാർഫുഡ് എഫ്.സി സനയ്യ ടീമിനുള്ള കിരീടം മീഡിയവൺ സൗദി മാനേജർ സി.എച്ച് അഹ്‌മദ്‌ റാഷിദും ടൂർണമെന്റിന്റെ മുഖ്യ പ്രയോജകരായ എച്ച്.എം.ആർ കോൺട്രാക്ടിങ് കമ്പനിയുടെ മാനേജിങ് ഡയറക്റ്റർ നൗഫലും ചേർന്ന് കൈമാറി. റണ്ണേർഅപ്പ് നേടിയ അൽ ജാം അൽ അറേബ്യാ ആർ.സി എഫ്.സി ടീമിനുള്ള കിരീടം മീഡിയവൺ സൗദി മാനേജർ സി.എച്ച് അഹ്‌മദ്‌ റാഷിദും യാംബു റിപ്പോർട്ടർ നിയാസ് യൂസുഫും ചേർന്ന് നൽകി. മറ്റു ട്രോഫികളും സമ്മാനങ്ങളും വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനാ നേതാക്കളും സ്ഥാപന മേധാവികളും മീഡിയവൺ പ്രതിനിധികളും വിതരണം ചെയ്തു.

യാംബുവിലെ യൂത്ത് ഇന്ത്യ പ്രവർത്തകരാണ് മത്‌സരത്തിന്റെ വളണ്ടിയർ സേവനം നിർവഹിച്ചത്. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ടീമിലെ അബ്ദുറസാഖ് നമ്പ്രം, നൗഫൽ നിലമ്പൂർ, ഷാനവാസ് വണ്ടൂർ, അബ്ദുറസാഖ് കോഴിക്കോട് എന്നിവർ മത്‌സരത്തിന്റെ സാങ്കേതിക കാര്യങ്ങൾ നിയന്ത്രിച്ചു.

മീഡിയവൺ മാർക്കന്റിങ് എക്സിക്യൂട്ടിവുകളായ ഹസനുൽ ബന്ന, മിസ്ഹബ്, ഇല്യാസ്, റിപ്പോർട്ടർ സാബിത് സലിം, തനിമ വെസ്റ്റേൻ പ്രൊവിൻസ് സെക്രട്ടറി സലിം വേങ്ങര, മീഡിയവൺ- ഗൾഫ് മാധ്യമം യാംബു കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ അനീസുദ്ദീൻ ചെറുകുളമ്പ്, പ്രോഗ്രാം ജനറൽ കൺവീനറും യാംബു യൂത്ത് ഇന്ത്യ പ്രസിഡന്റുമായ തൗഫീഖ് മമ്പാട്, വളണ്ടിയർ ക്യാപ്റ്റൻ ഷൗക്കത്ത് എടക്കര, വിവിധ വകുപ്പ് കൺവീനർമാരായ സഫീൽ കടന്നമണ്ണ, ഇല്യാസ് വേങ്ങൂർ, മുഹമ്മദ് യാഷിഖ്, സുഹൈൽ, അബ്ബാസ് എടക്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - 1st MediaOne Super Cup 2024 Tournament at Yambu; winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.