അഭയാര്‍ഥികളോട് മാനുഷിക  പരിഗണന കാണിക്കണം: മന്ത്രിസഭ

റിയാദ്: അഭയാര്‍ഥികളോട് മാനുഷിക പരിഗണന കാണിക്കണമെന്ന് സൗദി മന്ത്രിസഭ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഊര്‍ജ്ജ ആവശ്യത്തിന് ചൈനയുമായി ആണവകരാര്‍ ഒപ്പുവെക്കാനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒൗദ്യോഗിക യാത്രയിലും പരിപാടികളിലും ലഭിക്കുന്ന പാരിതോഷികങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സ്വീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി മാധ്യമ മന്ത്രി ആദില്‍ ബിന്‍ സൈദ് അത്തുറൈഫി അറിയിച്ചു. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് സുപ്രധാന തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. അഭയാര്‍ഥികളുടെ കാര്യത്തില്‍ വിവേചനപരവും ശത്രുതാപരവുമായ സമീപനവും പ്രസ്താവനകളും ഒഴിവാക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. മാനുഷിക പരിഗണനയും പ്രശ്നപരിഹാരവുമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളും മാധ്യമങ്ങളും അഭയാര്‍ഥി പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കണം. പത്ത് ലക്ഷം യമന്‍ അഭയാര്‍ഥികള്‍ സൗദിയില്‍ എല്ലാ സൗകര്യങ്ങളും സേവനങ്ങളും ആസ്വദിച്ച് കഴിയുമ്പോള്‍ ഇതിന്‍െറ മൂന്നിലൊന്ന് പോലും വരാത്ത സിറിയന്‍ അഭയാര്‍ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിടുന്ന അവഗണനയുടെ പശ്ചാത്തിലത്താണ് മന്ത്രിസഭയുടെ പരാമര്‍ശം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അവരുടെ ഒൗദ്യോഗിക യാത്രക്കിടയില്‍ നിയമാനുസൃതമായി ലഭിക്കുന്ന പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നതിനുണ്ടായിരുന്ന നിയമപരമായ വിലക്ക് നിബന്ധനകള്‍ക്ക് വിധേയമായി നീക്കിയതാണ് മറ്റൊരു സുപ്രധാന തീരുമാനം. വിവിധ രഷ്ട്രങ്ങളുമായും അവയുടെ പ്രതിനിധകളുമായും ഊഷ്മളബന്ധം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൂടിയാണ് ഈ വിലക്ക് എടുത്തുകളഞ്ഞത്. വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യം പരിഗണിച്ചാണ് സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിന് കരാര്‍ ഒപ്പുവെക്കുന്നത്. ജപ്പാന്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍റ് തുടങ്ങിയ രാജ്യങ്ങളുമായി നടത്തിയതിന് സമാനമായ ആണവ കരാറാണ് ചൈനുയുമായി ഒപ്പുവെക്കുക. ഈ ആവശ്യത്തിന് ചര്‍ച്ച നടത്താനും കരാര്‍ ഒപ്പുവെക്കാനും തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജി മേധാവിയെ ചുമതലപ്പെടുത്തിയതായും മന്ത്രി വിശദീകരിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.