എച്ച് വണ്‍ എന്‍ വണ്‍: മലയാളി  ഗര്‍ഭിണി ഖമീസില്‍ മരിച്ചു

ഖമീസ് മുശൈത്: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മലയാളി ഗര്‍ഭിണി ഖമീസില്‍ മരിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് രക്ഷപ്പെട്ടു. ഒരു മാസമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി രഞ്ജിനി ദിലീപാണ് (33) മരിച്ചത്. മൂന്നുവര്‍ഷമായി ഖമീസിലെ അല്‍ അഹ്ലി ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്നു. ഒരുമാസം മുമ്പ് പനിയും ചുമയുമായി ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിയിരുന്നു. ന്യുമോണിയയെന്ന് കരുതിയാണ് ആദ്യം ചികിത്സിച്ചത്. മൂന്ന് ദിസത്തിന് ശേഷം അസുഖം കൂടുകയും നവംബര്‍ 14ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഒമ്പതുമാസം ഗര്‍ഭിണിയായ ഇവരെ അടുത്ത ദിവസം തന്നെ സൗദി ജര്‍മന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടത്തെ പരിശോധനയിലാണ് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് വ്യക്തമായത്. 
മരുന്നുകളൊന്നും ഫലിക്കാതെ വരികയും അണുബാധ ശ്വാസകോശത്തിലേക്ക് വ്യാപിക്കുകയും ചെയ്തതോടെയാണ് ഒമ്പത് മാസം ഗര്‍ഭിണിയായിരുന്ന ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് അധികൃതര്‍ അറിയിച്ചു. 
19 ദിവസത്തെ തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഹൃദയത്തിന്‍െറ പ്രവര്‍ത്തനം താളം തെറ്റുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു. 
രഞ്ജിനിയുടെ ഭര്‍ത്താവ് ചെങ്ങന്നൂര്‍ സ്വദേശി  ദിലീപ് രണ്ടര വര്‍ഷമായി ഖമീസില്‍ സെന്‍റര്‍ പോയിന്‍റ് എന്ന സ്ഥാപനത്തില്‍ മെയിന്‍റനന്‍സ് വിഭാഗത്തിലാണ്. നാലര വയസ്സുള്ള ദയയാണ് ദമ്പതികളുടെ മൂത്തമകള്‍. നീലം പേരൂര്‍ ഭാസ്കരന്‍േറയും ലളിതാമ്മയുടേയും മകളാണ് രഞ്ജിനി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അസീര്‍ പ്രവാസി സംഘടന നേതാക്കളും ദിലീപിന്‍െറ കമ്പനി അധികൃതരും രംഗത്തുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.