ജനുവരി മുതല്‍ സൗദിയില്‍ രാജ്യാന്തര വിമാന യാത്രക്ക് പുതിയ നികുതി

ജിദ്ദ: രാജ്യാന്തര വിമാനയാത്രക്കാര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി തീരുമാനിച്ചു. ഇതുപ്രകാരം ഓരോ യാത്രികനും 87 റിയാല്‍ (23 ഡോളര്‍) ടിക്കറ്റ് ചാര്‍ജിനൊപ്പം അധികം നല്‍കേണ്ടിവരും. നിലവില്‍ എല്ലാ രാജ്യാന്തര യാത്രികരില്‍ നിന്നും ഈടാക്കുന്ന 50 റിയാലിന് പുറമേയാണോ, അതിന് പകരമാണോ പുതിയ നികുതി വരുന്നതെന്ന് വ്യക്തമായിട്ടില്ല.
ജനുവരി ഒന്നിന് പുതിയ നികുതി പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. രാജ്യത്തിന് പുറത്തേക്കും രാജ്യത്തേക്കും സഞ്ചരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ നികുതി ബാധകമാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനകമ്പനികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. നികുതി കൃത്യമായി അടയ്ക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ക്കും നിര്‍ദേശമുണ്ട്. പണപ്പെരുപ്പത്തിന്‍െറയും മറ്റും തോത് പരിശോധിച്ച് മൂന്നു വര്‍ഷത്തിലൊരിക്കല്‍ നികുതി നിരക്ക് പുനഃക്രമീകരിക്കുമെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. വിമാനത്താവള സൗകര്യങ്ങള്‍ ഉപയോഗിക്കാത്ത ട്രാന്‍സിറ്റ് യാത്രികര്‍ക്ക് നികുതി നിലവില്‍ ബാധകമാക്കിയിട്ടില്ല. 
രാജ്യത്തെ വ്യോമഗതാഗത രംഗം നവീകരിക്കുന്നതിന്‍െറ ഭാഗമായി വന്‍ പരിഷ്കാരങ്ങള്‍ക്കാണ് വരുംവര്‍ഷത്തില്‍ സൗദി അറേബ്യയില്‍ അരങ്ങൊരുങ്ങുന്നത്. വിമാനത്താവളങ്ങളും അനുബന്ധ സേവനങ്ങളും സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്തമാസം ആരംഭിക്കാനിരിക്കുകയാണ്. റിയാദിലും ജിദ്ദയിലും വിമാനത്താവളങ്ങളില്‍ വന്‍ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.