രാജ്യം തണുപ്പിന്‍െറ പിടിയിലേക്ക്

റിയാദ്: കാലാവസ്ഥ മാറ്റത്തിന്‍െറ സൂചന നല്‍കി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങള്‍ തണുപ്പിന്‍െറ പിടിയിലേക്ക്. ഈ വര്‍ഷം അനുഭവപ്പെട്ട കഠിനമായ ചൂടിന് പിറകെ തണുപ്പും ശക്തമാവുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന സൂചന. ശൈത്യകാലത്തിന്‍െറ വരവറിയിച്ച് മിക്കയിടങ്ങളിലും മഴയും പൊടിക്കാറ്റും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച പല പ്രവിശ്യകളിലും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തബൂക്ക്, അല്‍ജൗഫ്, മക്ക, മദീന, ഹാഇല്‍, അല്‍ഖസീം, റിയാദ്, അല്‍ബാഹ, റാബിഗ്, യാമ്പൂ, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെല്ലാം മിതമായോ ശക്തമായോ മഴയുണ്ടാകുമെന്നാണ് കരുതുന്നത്. ചിലയിടങ്ങളില്‍ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ പ്രവചനം ശരിവെച്ച് ശക്തമായ കാറ്റും മഴയുമുണ്ടായാല്‍ അനിഷ്ട സംഭവങ്ങളെ നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും  അധികൃതര്‍ അറിയിച്ചു. കഠിനമായ ശൈത്യവും മഞ്ഞു വീഴ്ചയുമുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തണുപ്പിന്‍െറ കാഠിന്യം കൂട്ടി ശീതക്കാറ്റും അടിച്ചു വീശാനിടയുണ്ട്. റിയാദ് നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി അന്തരീക്ഷ താപനില 20 ഡിഗ്രിയില്‍ എത്തിയത് ഇതിന്‍െറ സൂചനകളാണ് നല്‍കുന്നത്. ശക്തമായ ശീതക്കാറ്റും നഗരത്തിന്‍െറ പലയിടങ്ങളിലും അനുഭവപ്പെട്ടിരുന്നു. 
ഏതാനും ദിവസം മുമ്പ് ഒമാന്‍ തീരത്തും യമനിലും വീശിയടിച്ച ‘ചപാല’ ചുഴലിക്കാറ്റ് വീണ്ടും നാശം വിതക്കുമെന്ന് ഭീതിയും നിലനില്‍ക്കുന്നുണ്ട്. അന്തരീക്ഷത്തിന്‍െറ മാറ്റം അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഠിനമായ ചൂടിന് ശേഷം ഈ സീസണില്‍ തണുപ്പും ശക്തമാവുമെന്ന മുന്നറിയിപ്പ് പുറം ജോലി ചെയ്യുന്ന പ്രവാസികള്‍ക്കിടയില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. തണുപ്പിന്‍െറ വരവ് പ്രതീക്ഷിച്ച് കമ്പിളി വസ്ത്രങ്ങളും മറ്റും വാങ്ങി കൂട്ടുന്ന തിരക്കിലാണ് സ്വദേശികളും വിദേശികളും. മിക്ക കടകളിലും നല്ല തിരക്കനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.