തിറാനും സനാഫിറും ഇനി സൗദിക്ക് സ്വന്തം

റിയാദ്: ഇതാദ്യമായി ഈജിപ്തും സൗദി അറേബ്യയും സമുദ്രാതിര്‍ത്തി നിര്‍ണയിച്ചതോടെ ചെങ്കടലിലെ തന്ത്രപ്രധാനമായ തിറാന്‍, സനാഫിര്‍ ദ്വീപുകള്‍ സൗദി അറേബ്യക്ക് സ്വന്തമായി. ഇക്കാര്യം വ്യക്തമാക്കി ഈജിപ്ത് മന്ത്രിസഭ ഇന്നലെ പ്രസ്താവനയിറക്കി. തെക്കന്‍ ചെങ്കടലില്‍ സ്ഥിതി ചെയ്യുന്ന സൗദിയുടെ നിയന്ത്രണത്തിലുള്ള ഫുര്‍സാന്‍ ദ്വീപശൃംഖലക്ക് ശേഷം പ്രദേശത്തെ വലിയ ദ്വീപുകളാണ് സനാഫിറും തിറാനും. ചെങ്കടലിനെ അഖബ ഉള്‍ക്കടലില്‍ നിന്ന് വേര്‍ തിരിക്കുന്ന തിറാന്‍ കടലിടുക്കിലാണ് രണ്ടിന്‍െറയും സ്ഥാനം. രാജ്യാന്തര കപ്പല്‍ ചാലിനടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഇവയുടെ നിയന്ത്രണം സൗദിയുടെ ദേശ സുരക്ഷക്കും നിര്‍ണായകമാണ്. 
80 ചതുരശ്ര കിലോമീറ്ററാണ് തിറാന്‍ ദ്വീപിന്‍െറ വിസ്തീര്‍ണം. ജനവാസമില്ലാത്ത ദ്വീപില്‍ സൈനിക സംവിധാനങ്ങള്‍ മാത്രമാണ് നിലവിലുള്ളത്.
 ഒരു വ്യോമതാവളവും പ്രവര്‍ത്തിക്കുന്നു. സൗദിക്കും ഈജിപ്തിനുമിടയില്‍ നിര്‍മിക്കാനിരിക്കുന്ന കടല്‍പ്പാലം കടന്നുപോകുന്നതും തിറാന്‍ ദ്വീപ് വഴിയാണ്. പാലത്തിലെ എമിഗ്രേഷന്‍ സംവിധാനങ്ങളും ഓഫീസും ഇവിടെ വരും. 
തിറാനിന്‍െറ കിഴക്കന്‍ ഭാഗത്താണ് സനാഫിര്‍ ദ്വീപ്. 33 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ഇവിടെയും ആള്‍വാസമില്ല. 2010 മുതലാണ് ഇരുരാഷ്ട്രങ്ങളും സമുദ്രാതിര്‍ത്തിയും ഈ ദ്വീപുകളുടെ അവകാശവും നിര്‍ണയിക്കാനുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ ആരംഭിച്ചത്. 
1990 ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് സമുദ്രാതിര്‍ത്തി നിര്‍ണയിച്ചതെന്ന് ഈജിപ്ഷ്യന്‍ കാബിനറ്റ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പഠിച്ച് തീരുമാനമെടുക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു. 
അത്യാധുനിക ശാസ്ത്രീയ സങ്കേതങ്ങള്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സമിതി ഈ തീരുമാനത്തിലത്തെിയത്. 
ഇതുസംബന്ധിച്ച ഉഭയകക്ഷി കരാര്‍ പ്രകാരം ദ്വീപുകളില്‍ നിന്നുള്ള വിഭവങ്ങളുടെ ആനുകൂല്യം ഇരുരാഷ്ട്രങ്ങളും പങ്കുവെക്കും. ഈ ദ്വീപുകളുടെ നിയന്ത്രണം ലഭിക്കുന്നതോടെ സൗദിയുടെ പടിഞ്ഞാറന്‍ തീര സുരക്ഷ കൂടുതല്‍ ഭദ്രമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.