ഭീകരതക്കെതിരെ ഐക്യനിര പ്രഖ്യാപിച്ച് ജി.സി.സി ഉച്ചകോടി

റിയാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ ഭീകര സംഘടനകള്‍ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജി.സി.സി -യു.എസ് ഉച്ചകോടി റിയാദില്‍ സമാപിച്ചു. അറബ് സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷയും അഖണ്ഡതയും ഉറപ്പുവരുത്തുന്നതില്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്‍റ് ബറാക് ഒബാമ പ്രഖ്യാപിച്ചു.
ഭീകരതെക്കതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം അമേരിക്കയുടെ നവീന യുദ്ധ വിമാനങ്ങളായ ബി 52 ബോംബറുകള്‍ ഐ.എസിനെതിരായ സൈനിക നടപടികള്‍ക്കായി ഇന്നലെ തന്നെ ഇറാഖിലത്തെി. ഐ.എസ് വിരുദ്ധ നീക്കം ശക്തിപ്പെടുത്താന്‍ ബുധനാഴ്ച നടന്ന പ്രതിരോധമന്ത്രിമാരുടെ യോഗത്തിലും ധാരണയായിരുന്നു. റിയാദിലെ ദറയ്യ കൊട്ടാരത്തില്‍ നടന്ന ഗള്‍ഫ് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് അധ്യക്ഷത വഹിച്ചത്.
അമേരിക്കയുമായുള്ള ചരിത്രപരമായ സൗഹാര്‍ദം പോഷിപ്പിക്കുന്നതില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ബദ്ധശ്രദ്ധരാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. വിവിധ വിഷയങ്ങളില്‍ സംസാരിച്ച ഒബാമ മേഖലയില്‍ ശാന്തിയും സമാധാനവും പുലരേണ്ടതിന്‍െറ ആവശ്യകത ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വര്‍ഷം ക്യാമ്പ് ഡേവിഡില്‍ നടന്ന യു.എസ് - ജി.സി.സി കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാണ് റിയാദ് ഉച്ചകോടി. ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ ഈ കാലയളവില്‍ ഗണ്യമായ പുരോഗതിയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയില്‍ ഇറാന്‍െറ ഇടപെടലുകള്‍ക്കെതിരെയും പരാമര്‍ശമുണ്ടായി. ആണവകരാറിലെ ധാരണകള്‍ ഇറാന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഒബാമ പറഞ്ഞു. ദീര്‍ഘകാലമായി സായുധസംഘര്‍ഷം തുടരുന്ന യമനില്‍ അടുത്തിടെയുണ്ടായ സമാധാന ശ്രമങ്ങളെ യു.എസ് പ്രസിഡന്‍റ് സ്വാഗതം ചെയ്തു. സിറിയയില്‍ ബശാറുല്‍ അസാദ് ഒഴിഞ്ഞ് രാഷ്ട്രീയ പരിഹാരം ഉടനടി ഉണ്ടാകേണ്ടതിന്‍െറ ആവശ്യകതയും സമ്മേളനം ചര്‍ച്ച ചെയ്തു. ബശാറിനെ ഏതുവിധേനയും തുടരാന്‍ അനുവദിക്കരുതെന്ന നിലപാട് സൗദി ആവര്‍ത്തിച്ചു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മ് ബിന്‍ സല്‍മാന്‍, അമേരിക്കയിലെ സൗദി അംബാസഡര്‍ അമീര്‍ മുഹമ്മദ് ബിന്‍ ഫൈസല്‍, വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍, ജനറല്‍ ഇന്‍റലിജന്‍സ് പ്രസിഡന്‍റ് ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാന്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്ത സൗദി സംഘത്തിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.