ജിദ്ദ: ജോലിയും കൂലിയുമില്ലാതെ പ്രവാസലോകത്ത് കഷ്ടതയനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഇടപെടാനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് നേരില്‍ വരുമെന്ന വിവരം ലഭിച്ചതോടെ ലേബര്‍ ക്യാമ്പുകളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ പ്രതീക്ഷയില്‍. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപെടല്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അവര്‍. അടുത്തദിവസം തന്നെ മന്ത്രി ജിദ്ദയില്‍ എത്തുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വന്‍കിട നിര്‍മാണ കമ്പനികള്‍ക്ക് മാസങ്ങളായി ശമ്പളം കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ആയിരക്കണക്കിനാളുകള്‍ ഇതിനകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. കമ്പനികളില്‍ നിന്ന് കിട്ടാനുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചിട്ട് മടങ്ങാമെന്നു കരുതി കാത്തിരിക്കുന്നവരുമുണ്ട്. മതിയായ രേഖകള്‍ കമ്പനികള്‍ ശരിപ്പെടുത്തിക്കൊടുക്കാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതെ കഷ്ടപ്പെടുന്നവരുമുണ്ട്.
ജിദ്ദ മേഖലയിലെ ക്യാമ്പുകളില്‍ രണ്ട് മാസമായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഭക്ഷണ- വസ്ത്രവിതരണം നടക്കുന്നുണ്ട്. കഴിഞ്ഞ റമദാനിലും പെരുന്നാളിനും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് വലിയതോതിലുള്ള റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടന്നത്. കഴിഞ്ഞദിവസം ഇന്ത്യന്‍ പൗരസമൂഹത്തിന്‍െറ സഹകരണത്തോടെ കോണ്‍സുലേറ്റ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണ വിതരണം നടത്തിയിരുന്നു. ക്യാമ്പുകളിലെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും മുടങ്ങിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും മന്ത്രിമാരെ നേരിട്ടയക്കാന്‍ തീരുമാനമുണ്ടായത്.അതേസമയം ഫിലിപ്പീന്‍സ് ഉള്‍പെടെ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളില്‍ അതത് എംബസികളും കോണ്‍സുലേറ്റുകളും യഥാസമയം ഇടപെട്ട് തൊഴിലാളികളെ നാട്ടിലേക്കയക്കുകയോ പ്രശ്നപരിഹാരത്തിന് ഇടപെടുകയോ ചെയ്തിട്ടുണ്ടെന്ന് ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
വന്‍കിട കമ്പനികളുടെ പ്രവൃത്തികളേറ്റെടുത്തു നടത്തുന്ന ഇടത്തരം നിര്‍മാണ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ കുടുതല്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.പലപ്പോഴും വന്‍കിടകമ്പനികളുടെ വിസക്കാവും തൊഴിലാളികള്‍ നിയമിക്കപ്പെടുക. എന്നാല്‍, അവര്‍ ജോലി ചെയ്യുന്നത് ഉപകരാറുകള്‍ എറ്റെടുത്ത് നടത്തുന്ന ഇടത്തരം കമ്പനികള്‍ക്ക് വേണ്ടിയാവും. ഇത്തരം കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കല്‍ ഏറെ സങ്കീര്‍ണമാണ്.
അതേസമയം, ശമ്പളം ലഭിക്കാതിരുന്നാല്‍ തൊഴില്‍ ഉപേക്ഷിക്കാമെന്ന് സ്വദേശികളോട് സൗദി തൊഴില്‍ മന്ത്രി മുഫ്രിജ് അല്‍ഹഖ്ബാനി നിര്‍ദേശിച്ചു. സൗദി ഓജര്‍ കമ്പനിയിലെ നാലായിരത്തോളം സ്വദേശി ജീവനക്കാര്‍ ഏഴുമാസമായി ശമ്പളം ലഭിക്കാത്ത വിഷയത്തില്‍ ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴില്‍ തര്‍ക്കങ്ങള്‍ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതിനെ തുടര്‍ന്ന് സൗദിയിലെ പല കമ്പനികളിലും തൊഴിലാളികള്‍ അക്രമാസക്തരായി പ്രതിഷേധിച്ച സംഭവങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.