റിയാദ്: സൗദിയില്‍ വിവിധ നിര്‍മാണ കമ്പനികളില്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി ഇടപെട്ടതോടെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും സജീവമാകുന്നു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.കെ.സിങ്  ചൊവ്വാഴ്ച രാത്രി ജിദ്ദയിലെത്തുന്നുണ്ട്.

പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ പൗരസമൂഹത്തിന്‍െറയും സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേര്‍ത്തു. ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന്‍െറ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന യോഗത്തില്‍ ശമ്പളം മുടങ്ങി പ്രയാസത്തിലായ തൊഴിലാളികളുള്ള മുഴുവന്‍ കമ്പനികളുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ എംബസി ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും ഏല്‍പിച്ചു. ഇതിനായി പ്രത്യേക ഫോറവും നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ പാസ്പോര്‍ട്ട് നമ്പര്‍, മുടങ്ങിയ ശമ്പളം, സംസ്ഥാനം, ലേബര്‍ കോടതിയില്‍ കേസുണ്ടെങ്കില്‍ അതിന്‍െറ വിശദാംശങ്ങള്‍ എന്നിവയെല്ലാം രേഖപ്പെടുത്തി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസുകള്‍ എംബസിയുടെ നേതൃത്വത്തില്‍ നടത്തുമെന്നും നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് എക്സിറ്റ് വാങ്ങി നല്‍കുമെന്നും അംബാസഡര്‍ യോഗത്തെ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകരില്‍ ചിലര്‍ എംബസിയുടെ നിര്‍ദേശപ്രകാരം ചില ക്യാമ്പുകളുടെ വിശദാംശങ്ങള്‍ നേരത്തേ നല്‍കിയിരുന്നു. പ്രതിസന്ധിയിലായ പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറിന്‍െറ 15 ലേബര്‍ ക്യാമ്പുകള്‍ റിയാദില്‍ മാത്രമുണ്ട്. നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെയുള്ളത്. കമ്പനിയില്‍ ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് ഒമ്പതു മാസമായി ശമ്പളം ലഭിച്ചിട്ടില്ളെന്ന് യോഗത്തില്‍ പങ്കെടുത്ത ജീവനക്കാരന്‍ അംബാസഡറെ അറിയിച്ചു. സാധാരണ തൊഴിലാളികള്‍ക്ക് ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ല.

ദമ്മാമില്‍ പ്രമുഖ നിര്‍മാണ കമ്പനിയുടെ തൊഴിലാളികള്‍ക്ക് ഏഴു മാസമായി ശമ്പളം ലഭിച്ചിട്ടില്ല. മൂന്നു മാസമായി ഭക്ഷണത്തിനുള്ള അലവന്‍സും നല്‍കുന്നില്ല. സന്നദ്ധ സംഘടനകളും സുമനസ്സുകളും നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍കൊണ്ടാണ് 700 ഓളം വരുന്ന ഇന്ത്യക്കാര്‍ പിടിച്ചുനില്‍ക്കുന്നത്. ഇവരുടെ ബന്ധുക്കള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ധര്‍ണ നടത്തുകയും സുഷമ സ്വരാജിന് പരാതി നല്‍കുകയും ചെയ്തിരുന്നു. റമദാന് ശേഷം വിഷയത്തില്‍ ഇടപെടാമെന്ന് സുഷമ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതോടൊപ്പം സൗദി ഓജര്‍ കമ്പനിയുടെ തൊഴിലാളികള്‍ ജിദ്ദയില്‍ തെരുവിലിറങ്ങുകയും വിഷയം പാര്‍ലമെന്‍റില്‍വരെ ചര്‍ച്ചയാവുകയും ചെയ്തപ്പോഴാണ് കേന്ദ്രം ശക്തമായി വിഷയത്തില്‍ ഇടപെട്ടത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നിരവധി തവണ ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള കമ്പനി തൊഴിലാളികള്‍ക്ക് എംബസിയുടെ സഹായത്തോടെ  സന്നദ്ധ സംഘടനകള്‍ അടുത്ത ദിവസങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിരുന്നു.

മൊത്തം 1300 ഓളം തൊഴിലാളികളാണ് ഈ കമ്പനിയിലുള്ളത്. ലേബര്‍ കോടതിയില്‍ ഇവര്‍ കേസ് നല്‍കിയിട്ടുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാനോ തൊഴിലാളികളെ നാട്ടിലയക്കാനോ ഉടമകള്‍ ഇതുവരെ തയാറായിട്ടില്ല.

         

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.