സൗദിയിലെ ഇന്ത്യൻ തൊഴിലാളികളു​ടെ മടക്കം വൈകും

റിയാദ്​: ജോലിയും ശമ്പളവുമില്ലാതെ സൗദയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ നാട്ടിലേക്കുളള യാത്ര വൈകും. ഇന്ത്യയിൽ നിന്ന്​ ഹജ്ജ്​ തീർഥാടകരുമായി എത്തുന്ന വിമാനത്തിൽ തൊഴിലാളികളെ തിരികെകൊണ്ടുവരുന്നത് സംബന്ധിച്ച് സൗദിയുമായി ധാരണയില്‍ എത്താത്തതിനാലാണ് യാത്ര വൈകുന്നത്​.

ഹജ്ജ്​ തീര്‍ഥാടകരുമായി മദീനയിലെത്തുന്ന വിമാനങ്ങളുടെ മടക്കയാത്രയില്‍ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനായിരുന്നു ഇന്ത്യയുടെ ശ്രമം. എന്നാല്‍ സൗദിയിലെ വ്യോമയാന ചട്ടമനുസരിച്ച് ഹജ്ജ്​ തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയില്ല. ചട്ടങ്ങളില്‍ സൗദി വ്യോമയാനമന്ത്രാലയം ഇളവുനല്‍കിയാല്‍ മാത്രമേ ഹജ്ജ്​ വിമാനങ്ങളില്‍ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ കഴിയൂ.

പരിഹാരത്തിന് സൗദിയുടെ പൂര്‍ണ പിന്തുണ
ദുരിതത്തിലായ തൊഴിലാളികളെ നാട്ടിലത്തെിക്കുന്നതിനുള്ള ചെലവുകള്‍ സൗദി ഭരണകൂടം വഹിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അറിയിച്ചു. തൊഴിലാളികളുടെ കേസുകള്‍ സൗദി അഭിഭാഷകരുടെ സഹായത്തോടെ നടത്തുമെന്നും പ്രതിസന്ധിയിലായ കമ്പനിയില്‍നിന്ന് മറ്റു ജോലിയിലേക്ക് മാറാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദില്‍ സൗദി തൊഴില്‍മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനിയുടെ ഓഫിസില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചകള്‍ക്കുശേഷം ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തീരുമാനങ്ങള്‍ അറിയിച്ചത്. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് അവരുടെ സേവന വേതന ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ടെങ്കില്‍ തൊഴില്‍നിയമം അനുശാസിക്കുന്ന വിധത്തില്‍ ലഭ്യമാക്കുമെന്നും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇത് വിതരണം ചെയ്യുമെന്നും വി.കെ. സിങ് പറഞ്ഞു. നാട്ടിലേക്ക് പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചവരുടെ പട്ടിക തയാറാക്കി വരുകയാണ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഈ ജോലിയിലാണ് ഇപ്പോഴുള്ളത്. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് അവരെ നാട്ടിലത്തെിക്കും. ലേബര്‍ കോടതിയില്‍ നല്‍കിയ കേസുകള്‍ സൗദി അഭിഭാഷകരുടെ സഹകരണത്തോടെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.