ജിദ്ദ: അമിതവണ്ണത്തിനുള്ള ചികിത്സ ആരോഗ്യ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്. ഇതിനുവേണ്ടി ഇന്‍ഷൂറന്‍സ് പോളിസിയില്‍ മാറ്റം വരുത്തുന്ന കാര്യം പഠിച്ചുവരികയാണ്. ഇത് നടപ്പാകുന്നതോടെ നിരവധി പേര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നേടാനാകും. ഉയര്‍ന്ന ആരോഗ്യനിലവാരം പുലര്‍ത്തുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ബോധവത്കരണത്തിലൂടെയും നല്ല ഭക്ഷണ ശീലമുണ്ടാക്കിയും പൊണ്ണത്തടിക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കിയും ഉയര്‍ന്ന ആരോഗ്യ സംസ്കാരമുള്ള രോഗമുക്ത സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്. ഗള്‍ഫ് ആരോഗ്യ മന്ത്രിമാരുടെ കൗണ്‍സിലിന് കീഴിലെ എക്സിക്യൂട്ടീവ് ഓഫിസ് നടത്തിയ പഠനമനുസരിച്ച് രാജ്യത്തെ കുട്ടികളില്‍ 35 ലക്ഷം പേര്‍ പൊണ്ണത്തിടയന്മാരാണ്. മൂന്ന് കുട്ടികളില്‍ ഒരാള്‍ അമിതഭാരമുള്ളവനാണ്. ഒരോ വര്‍ഷവും ഏകദേശം 20,000ത്തോളം പേര്‍ ഇക്കാരണത്താല്‍ മരണപ്പെടുന്നുണ്ട്. രാജ്യവാസികളില്‍ 36 ശതമാനം ഇതുമൂലം പ്രയാസമനുഭവിക്കുന്നവരാണ്. കുട്ടികളിലെ ഹൃദ്രോഗങ്ങള്‍, പ്രമേഹം, രക്ത സമ്മര്‍ദം, ഹൃദയവാല്‍വുകള്‍ അടയുക എന്നിവക്ക് പൊണ്ണത്തടി കാരണമാകുന്നുണ്ട്. വര്‍ഷത്തില്‍ 500 ദശലക്ഷം റിയാല്‍ ഇക്കൂട്ടര്‍ ചികിത്സക്ക് ചെലവഴിക്കുന്നതായാണ് കണക്ക്. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്മാരുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ അമിത ഭാരവും പൊണ്ണത്തടിയും കുറക്കാന്‍ വെബ്സൈറ്റ് വഴി കാമ്പയിന് തുടക്കമിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.