ഐ.എസിനെ നേരിടാനുള്ള നാറ്റോ  തീരുമാനം മന്ത്രിസഭ സ്വാഗതം ചെയ്തു

റിയാദ്: മധ്യപൗരസ്ത്യ ദേശത്ത് രാഷ്ട്രീയ, സുരക്ഷ ഭീഷണി സൃഷ്ടിക്കുന്ന ഐ.എസിനെ നേരിടാനുള്ള നാറ്റോ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് ബ്രസല്‍സില്‍ നടന്ന അംഗ രാഷ്ട്രങ്ങളുടെ സമ്മേളനം നടത്തിയ പ്രസ്താവന സ്വാഗതം ചെയ്തത്. 
സൗദി സംഘത്തിന് നേതൃത്വം നല്‍കി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നാറ്റോ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തീവ്രവാദ നിര്‍മാര്‍ജ്ജനത്തിനായി സൗദിയുടെ നേതൃത്വത്തില്‍ 35 അംഗരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇസ്ലാമിക സഖ്യസേന രൂപവത്കരിച്ചതിനെ നാറ്റോ സ്വാഗതം ചെയ്തു. സിറിയന്‍ വിഷയം അവലോകനം ചെയ്യവെയാണ് ആ രാജ്യം താവളമാക്കി മേഖലക്ക് ഭീഷണി സൃഷ്ടിക്കുന്ന ഐ.എസിനെ തുരത്താനുള്ള നീക്കങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച നടന്നത്. സിറിയന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായി 17 രാഷ്ട്രങ്ങളുടെ സമ്മേളനം ജര്‍മനിയിലെ മ്യൂണിച്ചില്‍ വിളിച്ചുചേര്‍ത്തതിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു. 
ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂനിയന്‍, അറബ് ലീഗ്, ഒ.ഐ.സി എന്നിവയുടെ പിന്തുണ മ്യൂണിച്ച് സമ്മേളനത്തിന് ലഭിച്ചത് സിറിയന്‍ പ്രശ്നപരിഹാരത്തിന് ലോകരാഷ്ട്രങ്ങളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നും വന്‍ സ്വീകാര്യത ലഭിക്കുന്നതിന്‍െറ തെളിവാണെന്നും മന്ത്രിസഭ വിലയിരുത്തി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.