ഹിസ്ബുല്ലയുമായി ബന്ധമുള്ള  സഥാപനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക് 

റിയാദ്: തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പേര് വിവരങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ഇവരുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് സൗദി പൗരന്മാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 ദൃശ്യ, ശ്രവ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വാടെക് എസ്.എ.ആര്‍.എല്‍, ലെഹ്വ ഇലക്ട്രോണിക് ഫീല്‍ഡ് കോ ലിമിറ്റഡ്, എയറോ സ്കൈവണ്‍ കമ്പനി ലിമിറ്റഡ്, ലാബികോ എസ്.എ.എല്‍ ഓഫ് ഷോര്‍ എന്നീ കമ്പനികള്‍ക്കാണ് ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്ന് കണ്ടത്തെിയതിന്‍െറ പേരില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ സ്വത്തു വകകള്‍ മരവിപ്പിച്ചു. ഈ കമ്പനികളുമായി ഏതെങ്കിലും തരത്തില്‍ സാമ്പത്തിക ഇടപാട് നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇതിന് പുറമെ ലെബനാന്‍ പൗരന്മാരായ ഫാദി ഹുസൈന്‍ സര്‍ഹാന്‍, ആദില്‍ മുഹമ്മദ്, ഹുസൈന്‍ സുവൈതിര്‍ എന്നിവര്‍ക്കും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടത്തെിയതിന്‍െറ പേരില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുല്ല നേതൃത്വത്തെയും അതുമായി ബന്ധമുള്ള സ്ഥാപനങ്ങളെയും തീവ്രവാദികളായാണ് സൗദി കാണുന്നതെന്നും അവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ആഭ്യന്തര വകുപ്പ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ എല്ലാ മാര്‍ഗങ്ങളുപയോഗിച്ചും നേരിടുമെന്നും ആഗോള തലത്തില്‍ സഹകരിക്കുന്നവരെ ഈ ലക്ഷ്യത്തിന്‍െറ ഭാഗമായി ഒപ്പം നിര്‍ത്തുമെന്നും ആഭ്യന്തര വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഹിസ്ബുല്ലയെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്ന കമ്പനികളെയും വ്യക്തികളെയും എതിര്‍ക്കും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തി അസ്ഥിരതയും ഭീതിയും വിതക്കുന്നവരാണ് ഹിസ്ബുല്ല. അവര്‍ക്ക് അനുഭാവം പുലര്‍ത്തുന്ന സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും വിലക്കേര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അവര്‍ക്കാവശ്യമായ സാമ്പത്തിക സഹായമോ മറ്റോ ചെയ്യുന്നതില്‍ നിന്ന് എല്ലാ പൗരന്മാരും വിട്ടു നില്‍ക്കണം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടാവാന്‍ പാടില്ല. സംഘടനയുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തര വകുപ്പ് താക്കീത് നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.