സൗദിയില്‍ 600  കോടി  റിയാലിന്‍െറ ഇന്ത്യന്‍ നിക്ഷേപം 

റിയാദ്: സൗദിയില്‍ ഇന്ത്യന്‍ കമ്പനികളുടെ മുതല്‍മുടക്ക് ആറ് ബില്യന്‍ കവിഞ്ഞതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി ജനറല്‍ ഇന്‍വസ്റ്റ്മെന്‍റ് അതോറിറ്റിയുടെ (സാഗിയ) അംഗീകാരം നേടിയ 426 ഇന്ത്യന്‍ സംരംഭങ്ങള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ കമ്പനികള്‍ മൊത്തത്തില്‍ 6,006 ദശലക്ഷം റിയാല്‍ സൗദിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ജിദ്ദ കോണ്‍സുലേറ്റിലെ വാണിജ്യ അറ്റാഷെ സയ്യിദ് റിദ ഹസന്‍ ഫഹ്മി പറഞ്ഞു. 27 ലക്ഷം ഇന്ത്യക്കാര്‍ സൗദിയില്‍ വിവിധ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കോണ്‍സുലേറ്റിന്‍െറ കണക്ക്. 
സൗദി പദ്ധതികളിലാണ് ഈ കമ്പനികള്‍ മുഖ്യമായും മുതലിറക്കിയിട്ടുള്ളത്. നിര്‍മാണ പദ്ധതികള്‍, കണ്‍സള്‍ട്ടിങ് സര്‍വീസ്, ഐ.ടി എന്നീ മേഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സൗദി നഗരങ്ങളില്‍ പുതുതായി ആരംഭിച്ച പൊതുഗതാഗത സംരംഭങ്ങളിലും ഇന്ത്യ കമ്പനികള്‍ക്ക് പങ്കാളിത്തമുണ്ട്. ഇന്ത്യക്കും സൗദിക്കുമിടക്ക് അടുത്തകാലത്ത് വളര്‍ന്നുവന്ന സൗഹൃദത്തിന്‍െറയും വാണിജ്യ ബന്ധത്തിന്‍െറയും തെളിവാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. ലാര്‍സന്‍ ആന്‍റ് ടൂബ്രോ, (എല്‍. ആന്‍ഡ്.ടി), ടാറ്റ, വിപ്രോ, ഷപൂര്‍ജി, എയര്‍ ഇന്ത്യ, ജറ്റ് എയര്‍വേസ്, അഫ്കോണ്‍സ് തുടങ്ങിയവ സൗദിയില്‍ മുതല്‍മുടക്കുള്ള പ്രമുഖ ഇന്ത്യന്‍ കമ്പനികളാണ്. 
മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര മുതലിറക്ക് വിപണിയായാണ് സൗദിയിലെ സാമ്പത്തിക മേഖല വിലയിരുത്തുന്നത്. അറബ് ഉല്‍പാദനത്തിന്‍െറ 38 ശതമാനം സൗദയില്‍ നിന്നാണെന്നാണ് കണക്ക്. ലോക എണ്ണ ശേഖരത്തിന്‍െറ 18 ശതമാനവും സൗദിക്ക് അവകാശപ്പെട്ടതാണ്. വിദേശി തൊഴിലാളികളുടെ ഏറ്റവും വലിയ തൊഴില്‍ വിപണി കൂടിയാണ് സൗദി അറേബ്യ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.