യാമ്പുവില്‍ മോഷണവും  പിടിച്ചുപറിയും പെരുകുന്നു

യാമ്പു: ഓഫീസുകളും കടകളും കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷണം പോയതായി യാമ്പുവിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പരാതി.  റമദാനിലെ പ്രവൃത്തി സമയത്തിലുള്ള മാറ്റമാണ് പകല്‍ മോഷണം പെരുകുവാന്‍ ഇടയായത്.  കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറം സ്വദേശി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ രാവിലെ ഏഴു മണിക്കും   ഒന്‍പതു മണിക്കുമിടയിലാണ്  മോഷണ ശ്രമം നടന്നത്. ജോലി സമയത്തിനു അര മണിക്കൂര്‍ മുമ്പ് തന്നെ ഓഫീസിലത്തെിയ അദ്ദേഹം പിന്‍വാതില്‍ തുറന്നതായി ശ്രദ്ധയില്‍ പെട്ടു.  അകത്തേക്ക് പ്രവേശിച്ചപ്പോള്‍ മോഷ്്ടാവ് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റോര്‍  റൂം തുറക്കാനുള്ള ശ്രമത്തിലായിരുന്നു മോഷ്ടാവ്.   അതേ ദിവസം തന്നെ അടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ നിന്ന്  പണവും മറ്റു രേഖകളും സൂക്ഷിച്ച സ്ട്രോങ് കാബിനറ്റ് മോഷണം പോയതായി റിപ്പോര്‍ട്ടുണ്ട്.  പോലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു അന്വേഷണം നടത്തി വരികയാണ്.
രണ്ടു മാസം മുമ്പ് യാമ്പു സിറ്റിയിലെ മൊബൈല്‍ സര്‍വീസ് കേന്ദ്രത്തില്‍ പട്ടാപകല്‍ വന്‍ കവര്‍ച്ച നടന്നിരുന്നു.
മറ്റൊരു മലയാളി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുടുംബ സമ്മേതം എത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവവും ഉണ്ടായി. ഉപഭോക്താവായി  എത്തി ഓരോ സാധനങ്ങള്‍ ചോദിക്കുന്നതിനിടയില്‍ തിരിഞ്ഞു നിന്ന മലയാളിയായ തൊഴിലാളിയെ  പിന്നില്‍ നിന്ന് ശക്തമായി തൊഴിച്ച് വീഴ്ത്തുകയായിരുന്നു.  തുടര്‍ന്ന്  തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി  കയ്യിലുണ്ടായിരുന്ന പണം കവര്‍ന്നു. ഭാര്യാഭര്‍ത്താക്കന്മാരെന്നു തോന്നിക്കുന്ന   യുവാവും ഒരു യുവതിയുമാണ് ഉണ്ടായിരുന്നത്. 
റമദാനില്‍ പകല്‍ സമയം അധികം ആളുകള്‍ ഉണ്ടാകാത്തതാണ് മോഷ്ടാക്കള്‍ക്ക് സൗകര്യമായത്.  പല ദിവസങ്ങളിലും റോഡുകളും കടകളും വിജനമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.