റിയാദ്: ഗസ്സയിലും ലബനാനിലും വെടിനിർത്തൽ ആവശ്യപ്പെടുന്ന പൊതു പ്രസ്താവനയോടെ ബ്രസൽസിൽ നടന്ന ആദ്യ ഗൾഫ്-യൂറോപ്യൻ ഉച്ചകോടി സമാപിച്ചു. 2026-ലെ ഉച്ചകോടിയുടെ രണ്ടാം പതിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്നും പ്രസ്താവന വെളിപ്പെടുത്തി. ഗസ്സയിലും ലബനാനിലും വെടിനിർത്തലുണ്ടാകണം. മേഖലയിൽ സമാധാനം ഉറപ്പാക്കാനുള്ള ഏക മാർഗമെന്ന നിലയിൽ ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണം.
യെമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിലെത്താൻ ബന്ധപ്പെട്ട കക്ഷികളെ പ്രേരിപ്പിക്കാൻ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ പ്രസ്താവന പ്രശംസിച്ചു. അതുപോലെ ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുവേണ്ടി ആവശ്യമുന്നയിക്കാനും പിന്തുണ തേടാനും അറബ്, യൂറോപ്യൻ രാജ്യങ്ങളുടെ അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാൻ മുൻകൈ എടുത്തതിനും സൗദിയെ ശ്ലാഘിച്ചു. ചെങ്കടലിൽ സുഗമമായ കപ്പൽ സഞ്ചാരത്തിനു ലഭിക്കേണ്ട സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. 1701-ാം നമ്പർ സുരക്ഷ പ്രമേയം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി.
ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കളും പ്രസിഡന്റുമാരും ഗസ്സയിലെ സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും എതിരെ നടമാടുന്ന ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ സൈനിക നടപടികളിൽ ആശങ്ക പ്രകടിപ്പിച്ചു. 21-ാം നൂറ്റാണ്ടിന്റെ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള സന്നദ്ധത അവർ പ്രകടിപ്പിച്ചു. ആഗോള-പ്രാദേശിക സുരക്ഷയും സമൃദ്ധിയും വർധിപ്പിക്കുന്നതിന് അവർ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വിശദീകരിച്ചു. ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരെ ഷെങ്കൻ വിസയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ തുടരേണ്ടതിന്റെ പ്രധാന്യവും സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് ഇരുവിഭാഗങ്ങൾക്കുമിടയിൽ സംഭാഷണം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ഉച്ചകോടിയിൽ സൗദി സംഘത്തെ നയിച്ചത് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ്. ഗൾഫിലെ നിരവധി നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിക്കിടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോതാകിസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
1989ൽ ഗൾഫ് സഹകരണ കൗൺസിലും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഔദ്യോഗിക ബന്ധം ആരംഭിച്ചതിനുശേഷം രാഷ്ട്രത്തലവന്മാരുടെയും ഗവൺമെന്റിന്റെയും തലത്തിൽ നടക്കുന്ന ആദ്യ ഉച്ചകോടിയാണ് ബ്രസൽസിലേത്. 33 രാഷ്ട്രത്തലവന്മാരുടെയും പ്രധാനമന്ത്രിമാരുടെയും പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായും ആഗോള സംഘങ്ങളുമായും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താനുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ താൽപര്യത്തിന്റെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.