16 വര്‍ഷം നാട്ടില്‍ പോകാതിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി

റിയാദ്: പതിനാറ് വര്‍ഷത്തിനുശേഷം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി മരിച്ചു. റിയാദിന് സമീപം ഫൈഹ എന്ന ഗ്രാമത്തില്‍ ബഖാല നടത്തുകയായിരുന്ന മലപ്പുറം ഇരുമ്പുഴി വടക്കേമുറി സ്വദേശി അബ്ദുല്‍ കരീം പനങ്ങാടനാണ് (52) താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. യു.പി സ്വദേശിയായ ആട്ടിടയനോടൊപ്പം താമസിച്ചിരുന്ന ഇദ്ദേഹം രാവിലെ ഉണര്‍ന്ന് കടയില്‍ പോകാനൊരുങ്ങുമ്പോഴായിരുന്നു മരണം. ആടുകളെ മേയ്ക്കാന്‍ പോയ യു.പി സ്വദേശി ഉച്ചക്ക് തിരിച്ചത്തെിയപ്പോള്‍ കസേരയില്‍ മരിച്ച നിലയില്‍ ഇരിക്കുന്നതാണ് കണ്ടത്. സമീപത്തുള്ള സ്വദേശി യുവാക്കളുടെ സഹായത്തോടെ പൊലീസിനെ വിളിച്ചുവരുത്തി പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ദുര്‍മ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 27 വര്‍ഷം മുമ്പ് റിയാദിന് സമീപം ദുര്‍മ പട്ടണത്തിലാണ് ഇദ്ദേഹം ജോലിക്കത്തെിയത്. പെട്രോള്‍ പമ്പും അതിനോട് ചേര്‍ന്നുള്ള സൂപര്‍മാര്‍ക്കറ്റുമെല്ലാം മേല്‍വാടകക്കെടുത്ത് നടത്തുകയാണ് ആദ്യം ചെയ്തിരുന്നത്. നല്ല നിലയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം 14 വര്‍ഷം മുമ്പ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചു. ശേഷം നാല് മക്കള്‍ കൂടിയുണ്ടായി. ഇതിനിടയില്‍ ഇറച്ചിക്കോഴി ഫാം തുടങ്ങിയതാണ് ജീവിതത്തിന്‍െറ താളം തെറ്റലിന് ഇടയാക്കിയത്. അതുവരെയുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ ഫാം നടത്തിപ്പിന് വേണ്ടി മുടക്കി. ആയിടക്ക് സൗദി അറേബ്യയിലാകെ പടര്‍ന്നുപിടിച്ച പക്ഷിപ്പനി വിനയായി. എല്ലാ കോഴികളേയും കൊല്ളേണ്ടി വന്നു. സമ്പാദ്യം മുഴുവന്‍ അങ്ങിനെ ചത്ത കോഴികളോടൊപ്പം മണ്ണിനടിയിലായി. ശേഷം കുടുംബത്തേയും കൂട്ടി ജിദ്ദയില്‍ പോയി കടകള്‍ വാടക്കെടുത്ത് നടത്തിയും മറ്റും വീണ്ടും ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തി. ആറുവര്‍ഷം അവിടെ ചെലവിട്ടെങ്കിലും മെച്ചപ്പെട്ടില്ല. ദുര്‍മയിലേക്ക് തിരിച്ചുവന്ന് 60 കിലോമീറ്ററകലെയുള്ള ഫൈഹ ഗ്രാമത്തില്‍ ചെറിയ രീതിയിലുള്ള ബഖാല തുടങ്ങുകയായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ മൂലമാണ് നാട്ടില്‍ പോകാതിരുന്നത്. നാലുവര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കാനും പണമില്ലായ്മ തടസമായി. അഭിമാനം കാരണം ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊന്നും ഈ അവസ്ഥകളൊന്നും വെളിപ്പെടുത്തിയിരുന്നുമില്ല. പിന്നീട് ഇതറിഞ്ഞ ബന്ധുക്കള്‍ ഇഖാമ പുതുക്കാന്‍ സഹായിക്കുകയും കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചോടെ കുടുംബത്തെ തിരിച്ചയക്കുകയും ചെയ്തു. അതിനുശേഷമാണ് യു.പി സ്വദേശിയുടെ കൃഷിത്തോട്ടത്തിലെ മുറിയിലേക്ക് താമസം മാറ്റിയത്. പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട് വിസ റദ്ദാക്കി ഈ മാസം തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: റുക്സാന. മൂന്ന് ആണും മൂന്നു പെണ്ണുമാണ് മക്കള്‍. പരേതനായ മൊയ്തീന്‍ കുട്ടി പിതാവും ആയിഷ മാതാവുമാണ്. സഹോദരങ്ങള്‍: അലവിക്കുട്ടി (റിയാദ്), അബ്ദുസ്സലാം, മൈമൂന, ഫാത്വിമ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.